ടൈറ്റാനിക് കപ്പലിന്റെ യാത്രയും തകർച്ചയും മറക്കാനാകാത്ത ചരിത്രമാണ്. മുങ്ങിത്താഴ്ന്ന് 100 വർഷത്തിലേറെയായിട്ടും ആർ.എം.എസ് ടൈറ്റാനിക് എന്ന ആഡംബര കപ്പൽ കൗതുകമുണർത്തുന്ന വിവരങ്ങളുടെ പേരിൽ ഇപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഈ ആഡംബര കപ്പലിൽ യാത്രക്കാർക്ക് ഭക്ഷണമായി നൽകിയിരുന്നത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ടൈറ്റാനിക് മുങ്ങിയതിന്റെ 111-ാം വാർഷികത്തോടനുബന്ധിച്ച് ടേസ്റ്റ് അറ്റ്‌ലസ് എന്ന ജനപ്രിയ ഇൻസ്റ്റാഗ്രാം പേജ് ഏപ്രിൽ 15ന് ടൈറ്റാനിക് മുങ്ങിയ രാത്രിക്ക് മുമ്പ് കപ്പലിലെ വിവിധ ക്ലാസുകളിലെ യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തിന്റെ മെനുവിന്റെ ഫോട്ടോകൾ പങ്ക് വച്ചിരിക്കുകയാണ്.
“ടൈറ്റാനിക് അതിന്റെ ആദ്യ യാത്രയ്ക്കിടെ 1912 ഏപ്രിൽ 15 ന് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയിട്ട് 111 വർഷമായി. ഏറ്റവും വലിയ ആഡംബര കപ്പലായിരുന്നു ടൈറ്റാനിക്. കപ്പലിലെ ഭക്ഷണവും വലിയൊരു ആകർഷണീയതയായിരുന്നു” ടേസ്റ്റ് അറ്റ്‌ലസ് മെനു പങ്കുവച്ചുകൊണ്ട് കുറിച്ചു. കപ്പലിൽ വിവിധ ക്ലാസുകൾക്ക് അനുസരിച്ചാണ് ഭക്ഷണം വിളമ്പിയിരുന്നത്. വിഭവസമൃദ്ധമായിരുന്നു കപ്പലിനെ ഭക്ഷണം. ചിക്കൻ കറി മുതൽ ചുട്ടെടുത്ത മത്സ്യം വരെ മെനുവിൽ കാണാം. സ്പ്രിംഗ് ലാംബ്, മട്ടൺ, റോസ്റ്റ് ടർക്കി, പുഡ്ഡിംഗ് ഉൾപ്പെടെയുള്ള വിഭവങ്ങൾ അടങ്ങിയതാണ് മെനു.
തേർഡ് ക്ലാസിലെ യാത്രക്കാർക്ക് വിളമ്പിയ മെനുവിൽ പ്രകടമായ വ്യത്യാസം കാണാൻ കഴിയുമെന്നും ടേസ്റ്റ് അറ്റ്ലസ് പോസ്റ്റ് വെളിപ്പെടുത്തി.ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ മെനുവിൽ ബ്രിൽ, കോൺഡ് ബീഫ്, പച്ചക്കറികൾ, ഗ്രിൽഡ് മട്ടൺ ചോപ്‌സ്, കസ്റ്റാർഡ് പുഡ്ഡിംഗ്, പോട്ടഡ് ചെമ്മീൻ, വിവിധതരം ചീസുകൾ എന്നിവയാണ് ഉണ്ടായിരുന്നത്. എന്നാൽ തേർഡ് ക്ലാസിൽ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും പരിമിതമായ വിഭവങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ ഓട്‌സും പാലും, മത്തി, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, ഹാം, മുട്ട, ഫ്രഷ് ബ്രെഡും വെണ്ണയും മാർമാലേഡും സ്വീഡിഷ് ബ്രെഡും മാത്രമാണ് തേർഡ് ക്ലാസിൽ വിളമ്പിയിരുന്നത്.
ടൈറ്റാനിക് മുങ്ങിയ ആ രാത്രിയിൽ സെക്കൻഡ് ക്ലാസ് യാത്രക്കാർക്കിടയിൽ ഡെസേർട്ടിന് പ്ലം പുഡ്ഡിംഗ് ആയിരുന്നു വിളമ്പിയത്. അത് അവർക്കെല്ലാം ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവത്രേ. ടേസ്റ്റ് അറ്റ്‌ലസിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ചിലർ കപ്പലിന്റെ ഡൈനിംഗ് റൂമുകളുടെ പ്രൗഢിയിൽ അത്ഭുതം പ്രകടിപ്പിച്ചപ്പോൾ മറ്റുചിലർ വ്യത്യസ്‌ത ക്ലാസുകൾക്ക് വിളമ്പുന്ന ഭക്ഷണത്തിലെ വ്യത്യാസങ്ങളെക്കുറിച്ച് വിമർശിച്ചും രംഗത്തെത്തി. അതേസമയം ഇപ്പോൾ ഇത് കാണുന്നതിലെയും അഭിപ്രായം പറയുന്നതിലെയും നിരർഥകതയും ചിലർ പങ്ക് വച്ചു.
1912 ഏപ്രിൽ 15 ന് സതാംപ്ടണിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ചാണ് ആർഎംഎസ് ടൈറ്റാനിക് എന്ന ബ്രിട്ടീഷ് ആഡംബര കപ്പൽ കൂറ്റൻ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയത്. ഈ ദുരന്തം 1,500-ലധികം ആളുകളുടെ മരണത്തിന് കാരണമായി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്രദുരന്തങ്ങളിലൊന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.