ലോകത്തെ ഏറ്റവും വിലയേറിയ കൂണുകൾ, മത്സ്യങ്ങൾ, ബീഫ്, കോഫി എന്നിവയെപ്പറ്റിയൊക്കെ നാം കേട്ടിട്ടുണ്ടാകും. എന്നാൽ കിലോക്ക് ആയിരങ്ങൾ വിലവരുന്ന ഉരുളക്കിഴങ്ങ് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ. പൊതുവേ വില കുറഞ്ഞ പച്ചക്കറിയായ ഉരുളക്കിഴങ്ങിന്റെ വിലയേറിയ വകഭേദങ്ങളിൽ ഒന്നാണ് ലെ ബോനറ്റേ.
ഫ്രാൻസിലെ ലെ ബോനറ്റേ എന്ന ഉരുളക്കിഴങ്ങാണ് വിലകൊണ്ട് നമ്മെ ഞെട്ടിക്കുന്നത്. ഈ ഉരുളക്കിഴങ്ങ് ലോകത്തു തന്നെ വളരെ അപൂർവമാണ്. ഇതിന് കിലോയ്ക്ക് 50,000 ത്തോളം രൂപയാണ് വില. വർഷത്തിൽ 10 ദിവസത്തേക്ക് മാത്രമേ ഇവ സാധാരണയായി വിൽപനക്കെത്താറുള്ളൂ. ഫ്രാൻസിലെ ഇലെ ഡെ നോർമോട്ടിയർ ദ്വീപിലാണ് ലെ ബോനറ്റേ വളരുന്നത്.
ദ്വീപിലെ 50 ചതുരശ്ര മീറ്റർ സ്ഥലത്ത് മാത്രമാണ് ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്. മണൽ നിറഞ്ഞ ഭൂമിയിലാണ് ഇത് വളരുന്നത്. കടൽപ്പായൽ, ആൽഗകൾ എന്നിവ ഇതിനുള്ള വളമായി ഉപയോഗിക്കാറുണ്ട്. ലെ ബോനറ്റേ ഉരുളക്കിഴങ്ങിന്റെ രുചിയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. ചെറുനാരങ്ങയുടേയു പോലുള്ള ചെറിയ പുളിയും അൽപം ഉപ്പുരസവും വാൽനട്ടിന്റെ രുചിയും ചേർന്ന പ്രത്യേകര തരം ഫ്ലേവറാണ് ഈ ഉരുളക്കിഴങ്ങിന്റേത്.
ലെ ബോനറ്റേ ഉരുളക്കിഴങ്ങുകൾ പെട്ടെന്ന് ഉടഞ്ഞു പോകുന്നതും അതീവ ലോലവുമാണ്. അതിനാൽ തന്നെ അവ ഓരോന്നായി കൈകൊണ്ട് പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ ഉരുളക്കിഴങ്ങിന്റെ തൊലി മണ്ണിന്റെയും സമീപത്തുള്ള കടൽജലത്തിന്റെ എല്ലാ ഗുണങ്ങളും ആഗിരണം ചെയ്യുന്നതിനാൽ ഇതിന്റെ തൊലി കളയാതെയാണ് പലരും ഉപയോഗിക്കുന്നത്.
ഇലെ ഡെ നോർമോട്ടിയർ ദ്വീപിൽ നിന്ന് വിളവെടുക്കുന്ന 10,000 ടൺ ഉരുളക്കിഴങ്ങുകളിൽ, 100 ടൺ മാത്രമാണ് ലാ ബോണറ്റ്. ഇതും വില കൂടാൻ ഒരു കാരണമാണ്. ഏഴ് ദിവസമായിരിക്കും സാധാരണ ലാ ബോണറ്റ് ഉരുളക്കിഴങ്ങിന്റെ വിളവെടുപ്പ്. ഈ ഏഴ് ദിവസങ്ങളിലായി ഏകദേശം 2500 ആളുകൾ അവ പറിക്കാൻ മാത്രം നിയോഗിക്കപ്പെടാറുണ്ട്. ഈ പ്രത്യേക തരം ഉരുളക്കിഴങ്ങ് സാലഡ് പ്യൂരി, സൂപ്പ്, ക്രീം എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
ക്രിത്രിമമായി ഉണ്ടാക്കുന്ന ഈ ഇനം ഉരുളക്കിഴങ്ങ് ഇപ്പോൾ ലഭ്യമാണ്. ഡെ നോർമോട്ടിയർ ദ്വീപിന് സമാനമായ സാഹചര്യം ഒരുക്കിയാണ് ഇവ കൃഷി ചെയ്യുന്നത്. ബ്രിട്ടീഷ് സൂപ്പർമാർക്കറ്റായ ടെസ്‌കോ 2011-ൽ ഇത്തരത്തിൽ കൃഷി ചെയ്യുന്ന ലെ ബോനറ്റേ ഇനം ഉരുളക്കിഴങ്ങ് വിൽക്കാൻ തുടങ്ങി.
ഒരു കിലോയ്ക്ക് ഏകദേശം 600 യു.എസ് ഡോളറാണ് ഉരുളക്കിഴങ്ങിന്റെ സാധാരണ വില. 1996-ൽ ഇവ ലേലത്തിൽ വിറ്റത് കിലോയ്ക്ക് 1,201 യുഎസ് ഡോളറിനാണ്. ഇത് ഏകദേശം ഒരു ലക്ഷം രൂപയോളംവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.