ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാനെ ജയിലിൽ വിഷം കൊടുത്ത് കൊലപ്പെടുത്താൻ സാധ്യതയെന്ന് ഭാര്യ ബുഷ്‌റ ബീവി

ലാഹോർ: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്നും അറ്റോക്ക് ജയിലിൽ വെച്ച് അദ്ദേഹത്തെ വിഷം കൊടുത്തു കൊല്ലാൻ സാധ്യതയുണ്ടെന്നും ഭാര്യ ബുഷ്റ ബീബി പറഞ്ഞു. തോഷഖാന അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇമ്രാൻ ഖാൻ ഇപ്പോൾ ആറ്റോക് ജയിലിലാണ്. തന്റെ ഭർത്താവിനെ പഞ്ചാബിലെ അറ്റോക്ക് ജയിലിൽ നിന്ന് അഡിയാലയിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചതായി ശനിയാഴ്ച പഞ്ചാബ് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ അവർ ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ചെയർമാനായ തന്റെ ഭർത്താവിനെ ഒരു ന്യായീകരണവുമില്ലാതെ അറ്റോക്ക് ജയിലിൽ അടച്ചിരിക്കുകയാണ്. നിയമമനുസരിച്ച് അദ്ദേഹത്തെ അദിയാല ജയിലിലേക്ക് മാറ്റണം, അവർ പറഞ്ഞു. 70 കാരനായ ഇമ്രാൻ ഖാന്റെ സാമൂഹികവും രാഷ്ട്രീയവുമായ പദവി കണക്കിലെടുത്ത് ജയിലിൽ ബി ക്ലാസ് സൗകര്യങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഖാനെതിരെ രണ്ട് വധശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അതിൽ ഉൾപ്പെട്ടവരെ ഇനിയും പിടികൂടിയിട്ടില്ലെന്നും ബുഷ്റ ബീബി പറഞ്ഞു. ഈ മാസം ആദ്യം, അവർ ഇമ്രാൻ ഖാനെ ജയിലിൽ സന്ദർശിച്ചിരുന്നു. തൊഷഖാന അഴിമതിക്കേസിൽ ഇസ്ലാമാബാദ് വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ, ഇമ്രാൻ ഖാൻ ലാഹോറിലെ വീട്ടിൽ നിന്ന് അറസ്റ്റിലാവുകയായിരുന്നു. ഓഗസ്റ്റ് അഞ്ചുമുതൽ അദ്ദേഹം തടവിലാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഖാനെ അഞ്ച് വർഷത്തേക്ക് വിലക്കിയിട്ടുമുണ്ട്. ജയിലിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ഖാനെ അനുവദിക്കണമെന്ന് ബുഷ്റ കത്തിൽ പറഞ്ഞു. ജയിൽ ചട്ടങ്ങൾ അനുസരിച്ച് 48 മണിക്കൂറിനുള്ളിൽ ഖാന് എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടതായിരുന്നുവെന്നും എന്നാൽ 12 ദിവസത്തിലേറെയായിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഖാന് എന്തുകൊണ്ടാണ് മെച്ചപ്പെട്ട സൗകര്യങ്ങൾ നിഷേധിച്ചതെന്ന് അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.




Tags:    
News Summary - Imran Khan's wife Bushra Bivi says that there is a possibility of killing Imran Khan by poisoning him in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.