ദോഹ: അർഹരായ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനായി ഗൾഫ് മാധ്യമവും മീഡിയാവണ്ണും ഒരുക്കിയ 'മിഷൻ വിങ്സ് ഓഫ് കംപാഷൻ' പദ്ധതിക്ക് കീഴിൽ ഖത്തറിൽ നിന്ന് ചാർട്ടേർഡ് വിമാനവും. മിഷൻ വിങ്സ് ഓഫ് കംപാഷൻെറ ചാർട്ടേർഡ് വിമാനം ജൂലൈ നാലിന് രാവിലെ ഒമ്പതിന് ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കും. ഇൻഡിഗോ വിമാനത്തിൽ 169 യാത്രക്കാരാണുണ്ടാവുക.
കേന്ദ്രസർക്കാറിൻെറ വന്ദേഭാരത് മിഷൻ വിമാനങ്ങൾ കുറവായതിനാലും എംബസിയിൽ രജിസ്റ്റർ ചെയ്ത നൂറുകണക്കിനാളുകൾ ഇപ്പോഴും പോകാൻ മാർഗമില്ലാതെ ദുരിതമനുഭവിക്കുന്നതിനാലാണുമാണ് ചാർട്ടർ വിമാനമൊരുക്കിയതെന്ന് ഗൾഫ്മാധ്യമം മീഡിയാവൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി പറഞ്ഞു. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ് ആണ് ഔദ്യോഗിക നടപടികൾക്ക് സഹായിച്ചത്. യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വിശദവിവരങ്ങൾ ഉടൻ അറിയിക്കും.
ഇതിനകം ആകെ 152 പേരെയാണ് മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിൽ സൗജന്യമായി നാട്ടിലെത്തിച്ചത്. വന്ദേഭാരത് വിമാനങ്ങളിൽ 97 പേരെ സൗജന്യമായി നാട്ടിലെത്തിച്ചപ്പോൾ വിവിധ ചാർട്ടേർഡ് വിമാനങ്ങളിലായി 55 പേരെയും നാട്ടിലെത്തിക്കാനായി. വിങ്സ് ഓഫ് കംപാഷൻെറ ജൂലൈ നാലിന് പോകുന്ന ചാർട്ടേർഡ് വിമാനത്തിൽ 169പേരെയും നാട്ടിലെത്തിക്കുന്നതോടെ പദ്ധതിക്ക് കീഴിൽ നാട്ടിലെത്തുന്നവരുടെ എണ്ണം 321 ആകും.
കോവിഡ് തീർത്ത പ്രതിസന്ധയിൽ ഗൾഫിൽ പിടിച്ചുനിൽക്കാനാകാതെ ദുരിതത്തിലായി നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന് പണമില്ലെന്ന കാരണത്താൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായാണ് 'മിഷൻ വിങ്സ് ഒാഫ് കംപാഷൻ' പദ്ധതി രൂപവത്കരിച്ചത്. നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഖത്തറിലെ വിവിധ വ്യവസായ സംരംഭകർ പദ്ധതിയിലേക്ക് സൗജന്യവിമാനടിക്കറ്റുകൾ സംഭാവന നൽകി. വിവിധ കൂട്ടായ്മകളും സംഘടനകളും പദ്ധതിയുമായി സഹകരിച്ചു.
കുഞ്ഞുങ്ങൾ അവരുടെ കൊച്ചുകൊച്ചുസമ്പാദ്യങ്ങൾ കൂട്ടിവച്ച് പദ്ധതിക്കായി ആവുന്ന സാമ്പത്തിക സഹായം നൽകി. ഇതോടെ ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി ടിക്കറ്റുകളാണ് സജ്ജമാക്കാനായത്. എല്ലാ ജി.സി.സി രാജ്യങ്ങളിലും പദ്ധതിക്ക് കീഴിൽ ഇത്തരത്തിൽ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നുണ്ട്. കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവർക്കാണ് വിമാനടിക്കറ്റുകൾ നൽകുന്നത്. പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് സൂക്ഷ്മപരിശോധനയിലൂടെയാണ് സൗജന്യടിക്കറ്റിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. ഇതിനായി പ്രത്യേകകമ്മിറ്റികൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.