ആർ.സി.സിയിൽ സംഘടിപ്പിച്ച യു.എ.ഇയുടെ ‘വൺ ബില്യൺ മീൽസ്’ പദ്ധതി ബ്ലഡ്‌ ബാങ്ക് എച്ച്.ഒ.ഡി ഡോ: വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

യു.എ.ഇ 'വൺ ബില്യൺ മീൽസ് പദ്ധതി' തിരുവനന്തപുരം ആർ.സി.സിയിൽ സംഘടിപ്പിച്ചു

തിരുവനന്തപുരം: യു.എ.ഇയുടെ ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായ 100 കോടി ഭക്ഷണപ്പൊതികൾ (വൺ ബില്യൺ മീൽസ് പദ്ധതി) വിതരണം ചെയ്യുന്ന പദ്ധതി തിരുവനന്തപുരം ആർ.സി.സിയിൽ സംഘടിപ്പിച്ചു. ചികിത്സാർഥം മാസങ്ങളായി ആർ.സി.സിയിൽ കഴിയുന്ന 150 ഓളം ക്യാൻസർ രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. ആർ.സി.സി ബ്ലഡ്‌ ബാങ്ക് എ.ച്ച.ഒ.ഡി ഡോ: വിജയലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.


പ്രൊജക്റ്റിന്റെ ഇന്ത്യൻ കോഡിനേറ്റർ അബ്‌ദുൾ സലാം മൗലവി മോങ്ങം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക നർഗീസ് ബീഗം, പ്രാദേശിക കോർഡിനേറ്റർ ഷാജി അട്ടക്കുളങ്ങര എന്നിവർ സംസാരിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (എംബിആർജിഐ) സംഘടിപ്പിക്കുന്ന സംരംഭം, കഴിഞ്ഞ വർഷത്തെ '100 മില്യൺ മീൽസ്' കാമ്പെയിനിന്റെ തുടർച്ചയാണ്. 220 ദശലക്ഷം ഭക്ഷണപ്പൊതികളാണ് മുൻ വർഷം വിതരണം ചെയ്യാനായത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രതികരണത്തെ തുടർന്നാണ് ഒരു ബില്യൺ ഭക്ഷണപ്പൊതികൾ എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ചത്.


യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജണൽ നെറ്റ്‌വർക്ക്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, യു.എൻ. ഹൈക്കമ്മിഷണർ എന്നിവയുടെ ഏകോപനത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സ് പ്രോജക്ടാണ് വൺ ബില്യൺ മീൽസ് സംരംഭത്തിന് തുടക്കമിട്ടത്. മറ്റ് പ്രാദേശിക ചാരിറ്റികളുമായി ചേർന്ന് യു.എൻ. ഹൈകമ്മിഷണർ ഫോർ റഫ്യൂജീസ്, യു.എ.ഇ. ഫുഡ് ബാങ്ക് എന്നിവയും ഇതോടൊപ്പം പ്രവർത്തിക്കുന്നു.


2030 ആകുമ്പോഴേക്കും ലോകത്ത് പട്ടിണി ഇല്ലാതാക്കാനുള്ള യു.എൻ. സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പാവങ്ങൾക്ക് നൂറുകോടി ഭക്ഷണപ്പൊതികൾ നൽകുക എന്നതാണ് സംരംഭത്തിലൂടെ യു.എ.ഇ. ലക്ഷ്യമിടുന്നത്. അമ്പത് രാജ്യങ്ങളിലെ അർഹരായവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ നൽകാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയിൽ റംസാനിൽ മാത്രമായി 80 കോടിപേർക്ക് ഭക്ഷണമെത്തിച്ചു.

Tags:    
News Summary - U.A.E​'s 'One Billion Meals Project' at Thiruvananthapuram RCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.