മനാമ: 2023 അവസാന പാദത്തിലെ ബഹ്റൈനിൽ നിന്നുള്ള ചരക്കു കയറ്റുമതി ഒരു ബില്യൺ ദീനാറിലധികം കടന്നതായി ഇ-ഗവൺമെന്റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. തദ്ദേശീയ ഉൽപന്നങ്ങളുടെ കയറ്റുമതിയുടെ കണക്കും ഇറക്കുമതി ചെയ്തവയുടെ കണക്കും പുനർ കയറ്റുമതിയുടെ വിവരങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലെ കണക്കനുസരിച്ച് 1.476 ബില്യൺ ദീനാറിന്റെ ചരക്കുകളാണ് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പുള്ള വർഷം ഇതേ കാലയളവിലിത് 1.410 ബില്യണായിരുന്നു. ഇറക്കുമതി ചെയ്ത ചരക്കുകളിൽ 69 ശതമാനവും 10 രാജ്യങ്ങളിൽ നിന്നാണ്. ചൈനയിൽനിന്നാണ് കൂടുതൽ ഇറക്കുമതി നടന്നിട്ടുള്ളത്. 207 ദശലക്ഷം ദീനാറിന്റെ ചരക്കുകളാണ് ചൈനയിൽനിന്ന് ഈ കാലയളവിൽ ബഹ്റൈനിലെത്തിയത്. രണ്ടാം സ്ഥാനം ബ്രസീലിനും മൂന്നാം സ്ഥാനം യു.എ.ഇക്കുമാണ്. ഇരുമ്പയിരാണ് ഏറ്റവുമധികം ഇറക്കുമതി നടന്നിട്ടുള്ളത്.
രണ്ടാമത് അലൂമിനിയം ഓക്സൈഡും മൂന്നാമത് വിമാന എൻജിൻ ഭാഗങ്ങളുമാണ്. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തൊട്ടുമുമ്പുള്ള വർഷത്തെ സമാനകാലയളവിൽ 1.121 ബില്യൺ ദീനാറിന്റെ ഇടപാടാണ് നടന്നത്. 69 ശതമാനം കയറ്റുമതിയും 10 രാഷ്ട്രങ്ങളിലേക്കാണ് നടന്നിട്ടുള്ളത്. ഏറ്റവുമധികം കയറ്റുമതി നടന്നിട്ടുള്ളത് സൗദിയിലേക്കും പിന്നീട് യു.എ.യിലേക്കുമാണ്. മൂന്നാം സ്ഥാനം അമേരിക്കക്കുമാണ്.
കയറ്റുമതിയിൽ മുമ്പൻ മിക്സഡ് അലുമിനിയം അയിരാണ്. രണ്ടാം സ്ഥാനം ഉരുക്കിനും മൂന്നാം സ്ഥാനം അൺമിക്സഡ് അലുമിനിയത്തിനുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.