മനാമ: രാജ്യത്തെ വ്യവസായമേഖല വളർച്ചയുടെ പാതയിലെന്ന് ഏറ്റവും പുതിയ കണക്കുകൾ. വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ബഹ്റൈനിൽ കഴിഞ്ഞവർഷം 38 പുതിയ ഫാക്ടറികൾ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ മൊത്തം ഫാക്ടറികളുടെ എണ്ണം ഇപ്പോൾ 857 ആണ്. വ്യാവസായിക മേഖലയിലേക്ക് വന്ന നിക്ഷേപത്തിലും ഗണ്യമായ വർധനയുണ്ട്. നിക്ഷേപം 3.7 ബില്യൺ ദിനാർ കവിഞ്ഞു. വ്യവസായമേഖലക്കായി 14.5 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. ഇതിന്റെ 90 ശതമാനം ഇപ്പോൾ വ്യവസായങ്ങൾ പ്രവർത്തിക്കുകയാണ്.
വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി സർക്കാർ വ്യാവസായിക മേഖലകൾക്കായി കൂടുതൽ സ്ഥലം നീക്കിവെക്കാനൊരുങ്ങുകയാണ്. വ്യാവസായിക മേഖലയിൽ വാടകയിൽനിന്നുള്ള വാർഷിക വരുമാനം 14.5 ദശലക്ഷം ദീനാറിലെത്തി. വ്യാവസായിക പ്ലോട്ട് വാടക കരാറുകൾക്ക് മന്ത്രാലയം നിശ്ചിത നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വാടകനിരക്കിൽ സുതാര്യതയും സ്ഥിരതയും ഉറപ്പാക്കുന്നു. വ്യാവസായിക പ്രവർത്തനത്തിന്റെ തരമനുസരിച്ച് വാടക നിരക്കുകൾ വ്യത്യാസപ്പെടും. മാനുഫാക്ചറിങ് ഇൻഡസ്ട്രി ആണെങ്കിൽ പ്രതിവർഷം ഒരു ചതുരശ്ര മീറ്ററിന് ഒരു ദീനാർ എന്ന നിരക്കിൽ 25 വർഷത്തെ പാട്ടക്കാലാവധിക്കാണ് സ്ഥലം നൽകുന്നത്. ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്കാണെങ്കിൽ പ്രതിവർഷം ഒരു ചതുരശ്ര മീറ്ററിന് നാലു ദീനാർ എന്ന നിരക്കിൽ 15 വർഷത്തേക്കാണ് പാട്ടത്തിന് നൽകുന്നത്.
വ്യവസായമേഖലയുടെ വികസനം ലക്ഷ്യമിട്ട് നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. ബഹ്റൈൻ ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് പാർക്കിലെ ഇൻഫ്രാസ്ട്രക്ചർ നവീകരണം, അമേരിക്കൻ ട്രേഡ് സോൺ വികസനം എന്നിവ ഇതിലുൾപ്പെടുന്നു. 2024 സെപ്റ്റംബറിൽ ഇവ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മലിനജല നിർഗമന സൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതി 2025 ഡിസംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 10.2 ദശലക്ഷം ദീനാർ ചെലവുവരുന്ന പദ്ധതിയാണിത്. സൗത്ത് ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.12 ദശലക്ഷം ദീനാർ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്.
വ്യാവസായിക മേഖലകളിലെ റോഡ് നവീകരണത്തിനും പരിപാലനത്തിനുമായി 2.5 ദശലക്ഷം ദീനാർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുണ്ട്. ഇത് 2024 ഡിസംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അൽ മസ്റ, അൽ ലഹിസി ഇൻഡസ്ട്രിയൽ ഏരിയയിൽ മലിനജല നിർമാർജന സംവിധാനം രൂപകൽപന ചെയ്യുന്ന പദ്ധതി 230,000ദിനാർ ചെലവ് വരുന്നതാണ്. ഇതും 2024 ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈസ്റ്റ് സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ 9.75 ദശലക്ഷം ദീനാർ ചെലവിട്ട് പവർ സ്റ്റേഷൻ നിർമാണവും പുരോഗമിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.