ദോഹ: 'മലപ്പുറത്തോ തൃശൂരോ നടക്കുന്നത് പോലെയാണ് ഇത്തവണത്തെ ലോകകപ്പ് വരുന്നത്. ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് നടക്കുമ്പോൾ ഇങ്ങ് കേരളത്തിൽ ഇരട്ടി ആവേശമാണ്. നമ്മുടെ ഒരുപാട് ചങ്കുകൾ അവിടെയുണ്ടല്ലോ... അപ്പോൾ അവർക്കൊപ്പം ലോകകപ്പിൽ പങ്കാളിയാവുകയെന്നതുതന്നെ വലിയ സന്തോഷം.' -ലോകകപ്പിന്റെ നൂറു ദിന കൗണ്ട്ഡൗൺ ആഘോഷങ്ങളുടെ ഭാഗമായി 'ഗൾഫ് മാധ്യമം' വായനക്കാtopർക്കും ഫുട്ബാൾ പ്രേമികൾക്കും മുൻ ഇന്ത്യൻ നായകൻ ഐ.എം വിജയൻ ആശംസ നേരുന്നു.
'കഴിഞ്ഞമാസം ഖത്തറിലെത്തിയപ്പോൾതന്നെ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ കണ്ടിരുന്നു. ഗംഭീരമായ സ്റ്റേഡിയങ്ങളും പരിശീലന മൈതാനങ്ങളുമായാണ് ഖത്തർ ലോകകപ്പിനൊരുങ്ങുന്നത്. അവിടെ പ്രവാസികളായ നമ്മുടെ സഹോദരങ്ങളും വലിയ ആവേശത്തിലാണ്. വളന്റിയർമാരായും മത്സരത്തിന് ടിക്കറ്റെടുത്തുമെല്ലാം ലോകകപ്പിനെ വരവേൽക്കാനായി ഖത്തറിലെ മലയാളികൾ ഒരുങ്ങുന്നത് കാണുമ്പോൾ കേരളത്തിലെവിടെയോ ലോകകപ്പ് നടക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. ലോകകപ്പ് കൗണ്ട് ഡൗൺ നൂറു ദിവസത്തിലെത്തുമ്പോൾ എന്റെ നെഞ്ചും പിടക്കുന്നു.\
2018 റഷ്യയിൽ കൊടിയിറങ്ങിയ ലോകകപ്പ് ഫുട്ബാൾ മേള നാലു വർഷത്തെ കാത്തിരിപ്പും പിന്നിട്ട് ഇനി നൂറ് ദിവസം അകലെ ആണെന്നറിഞ്ഞതിന്റെ സന്തോഷം. ഇത് എന്റെ ആറാമത്തെ ലോകകപ്പ് കൂടിയാണ്. 2002 ജപ്പാൻ-കൊറിയയിൽ തുടങ്ങിയ ലോകകപ്പ് വേദികളിലേക്കുള്ള യാത്ര ഇപ്പോൾ ഡബ്ൾ ഹാട്രിക്കിലെത്തുമ്പോൾ എന്റെ പ്രിയപ്പെട്ട ഒരുപാട് സുഹൃത്തുക്കളുള്ള ഖത്തറിൽ ഉത്സവമാക്കാൻ ഞാനുമെത്തും. അടുത്തടുത്ത സ്റ്റേഡിയങ്ങളും താമസവും പരിശീലനവുമെല്ലാമായി കളിക്കാർക്കും ഏറെ സൗകര്യപ്രദമാണ് ഖത്തർ ലോകകപ്പ്. ഒപ്പം, കാണികൾക്ക് ഒരു ദിവസംതന്നെ കൂടുതൽ മത്സരങ്ങൾ കാണാനുള്ള സൗകര്യവുമുണ്ട്. നൂറാം ദിനത്തിലെത്തിയ കൗണ്ട്ഡൗൺ യാത്രക്ക് എല്ലാ വിധ ആശംസകളും നേരുന്നു' -ഐ.എം വിജയൻ പറഞ്ഞു.
ദോഹ: 'മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ് ഖത്തർ വേദിയാവുന്ന ലോകകപ്പ് ഫുട്ബാൾ. മുൻകാലങ്ങളെ അപേക്ഷിച്ച്, മലയാളികൾക്ക് ഏറെ അരികിലായി ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള അവസരമാണ് ഈ വിശ്വമേള. ഖത്തറിലും ഗൾഫ് നാടുകളിലും പ്രവാസികളായ മലയാളികളും കേരളത്തിൽനിന്നും പോകുന്നവരും ഉൾപ്പെടെ വലിയൊരു സംഘം ഇത്തവണ ലോകകപ്പ് ഗാലറികളിൽ ആരവവുമായി ഉണ്ടാവും.
ഖത്തറിൽ നേരിട്ടെത്തി കളികാണാൻ ആഗ്രഹിക്കുന്ന ഒരുപാട് മലയാളികളിൽ ഒരാളാണ് ഞാനും. ഒരു മത്സരത്തിന് ടിക്കറ്റ് ഇപ്പോൾ കിട്ടിയിട്ടുണ്ട്. രണ്ട് കളിയുടെ ടിക്കറ്റുകൾ കൂടി ലഭിച്ചാൽ, ഖത്തറിലെ ലോകകപ്പ് ഗാലറിയിൽ ഞാനുമുണ്ടാവും. ഒരു ഫുട്ബാൾ താരവും പ്രേമിയും എന്ന നിലയിൽ ഖത്തർ ലോകകപ്പിനും ആവേശത്തോടെ കാത്തിരിക്കുന്ന മലയാളി ഫുട്ബാൾ ആരാധകർക്കും എല്ലാ വിധ ആശംസകളും നേരുന്നു' -യു. ഷറഫലി.
യു. ഷറഫലി (മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.