മനാമ: അബ്ദുല്ല ബിൻ ഖാലിദ് കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ ആദ്യ ബാച്ച് ബിരുദധാരികളുടെ റിസൽട്ടിന് അംഗീകാരം. വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയുടെ അധ്യക്ഷതയിൽ ചേർന്ന കോളജ് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് റിസൽട്ട് സംബന്ധമായ വിഷയങ്ങൾ ചർച്ചചെയ്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ചേർന്ന യോഗത്തിൽ ശൈഖ് അബ്ദുല്ലത്തീഫ് മഹ്മൂദ് ആൽ മഹ്മൂദ്, ശൈഖ് സൽമാൻ അശ്ശൈഖ് മൻസൂർ അസ്സിത്രി തുടങ്ങിയവരും മറ്റ് അംഗങ്ങളും സന്നിഹിതരായിരുന്നു.
അബ്ദുല്ല ബിൻ ഖാലിദ് കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിൽ ആധുനിക ഇസ്ലാമിക വിഷയങ്ങളിൽ പഠനം നടത്താൻ അനുമതി നൽകിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് യോഗം നന്ദിയും കടപ്പാടും നേർന്നു.
ശരീഅ വിജ്ഞാനീയങ്ങളിൽ കഴിവുറ്റ തലമുറയെ വാർത്തെടുക്കാൻ കോളജിന് സാധിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾക്കായി ബിരുദദാനച്ചടങ്ങ് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. വിദ്യാർഥികളുടെ മികവനുസരിച്ച് മുന്നോട്ടുള്ള പഠനത്തിന് ഇളവ് അനുവദിക്കുന്ന കാര്യവും ചർച്ചചെയ്തു.
കോളജിൽ നവീകരിച്ച ഫീസ് സമ്പ്രദായം ഏർപ്പെടുത്തുന്നതിനും ഇക്കാര്യത്തിൽ ഹയർ എജുക്കേഷൻ കൗൺസിൽ അംഗീകരിച്ച മാനദണ്ഡങ്ങൾ പിന്തുടരുന്നതിനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.