മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സെലിബ്രേറ്റ് ബഹ്റൈൻ 2024 സീസൺ പ്രമോഷനൽ കാമ്പയിനിന്റെ ഭാഗമായ മുഹറഖ് നൈറ്റ്സിന് പ്രൗഢമായ തുടക്കം. ഈ മാസം 30 വരെ യുനെസ്കോ സംരക്ഷിത സ്മാരക പട്ടികയിലുള്ള പേളിങ് പാത്തിൽ നടക്കുന്ന ‘മുഹറഖ് നൈറ്റ്സ്’ കാഴ്ചക്കാർക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യും. കുട്ടികളുടെ പ്രോഗ്രാമുകൾ, കരകൗശല പ്രദർശനങ്ങൾ, ഭക്ഷണം, സംഗീതം എന്നിവയുൾപ്പെടെയുള്ള സർഗാത്മകവും സംവേദനാത്മകവുമായ പ്രവർത്തനങ്ങളുടെ വൈവിധ്യമാർന്ന സംയോജനമാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
ഞായർ -ബുധൻ വൈകീട്ട് അഞ്ചു മുതൽ 10 വരെയും വ്യാഴം -ശനി വൈകീട്ട് അഞ്ചു മുതൽ അർധരാത്രി വരെയുമാണ് ഫെസ്റ്റിവൽ. ബഹ്റൈനിന്റെ സമ്പന്നമായ ചരിത്രം ആഘോഷിക്കുന്ന സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളുമാണ് പരിപാടിയുടെ ഭാഗമായി നടക്കുക. പേളിങ് പാത്തിലുടനീളം സഞ്ചാരികളെയും കലാസ്വാദകരെയും ആകർഷിക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ബഹുവർണങ്ങളിൽ പേളിങ് പാത്താകെ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ബഹ്റൈനിന്റെ തനത് സാംസ്കാരിക സമ്പത്ത് വിശദമാക്കുന്ന കലാപരിപാടികളാണ് വിവിധ വേദികളിലായി നടക്കുക. മുഹറഖിലാകെ ഉത്സവപ്രതീതി സൃഷ്ടിച്ചുകൊണ്ട് ഒരുക്കം പൂർത്തിയായിക്കഴിഞ്ഞു.
സെലിബ്രേറ്റ് ബഹ്റൈന്റെ ഭാഗമായി ഡിസംബറിലുടനീളം വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് രാജ്യത്ത് നടക്കുക. ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവൽ, മനാമ നൈറ്റ്സ് എന്നിവ വരും ദിവസങ്ങളിൽ കലാസ്വാദകരെ ആകർഷിക്കും. അവിസ്മരണീയ അനുഭവമായിരിക്കും ഈ സീസൺ കാഴ്ചക്കാർക്ക് സമ്മാനിക്കുകയെന്ന് ടൂറിസം മന്ത്രിയും ബി.ടി.ഇ.എ ചെയർപേഴ്സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞു.
സ്പോർട്സ്, ഷോപ്പിങ്, വാട്ടർ അഡ്വഞ്ചറുകൾ അടക്കം പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും അതുല്യമായ അനുഭവങ്ങൾ സൃഷ്ടിക്കുന്ന പരിപാടികളാണ് വരാൻ പോകുന്നത്.
ഡിസംബർ 7 മുതൽ എല്ലാ ശനിയാഴ്ചകളിലും അൽ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ഫാർമേഴ്സ് മാർക്കറ്റ് നടക്കും. പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങാൻ കുടുംബങ്ങൾക്ക് അസുലഭ അവസരമാണിത്. ഡിസംബർ 10ന് അൽ ദാന ആംഫി തിയറ്ററിൽ എമിനേം കൺസർട്ട് അവതരിപ്പിക്കും. ഡിസംബർ 15ന് ബഹ്റൈൻ കലാകാരന്മാരായ ഖാലിദ് അൽ ശൈഖ്, ഹിന്ദ്, മുഹമ്മദ് അൽ ബക്രി, സമാവ അൽ ശൈഖ് എന്നിവർ പങ്കെടുക്കുന്ന ‘ബഹ്റൈനി നൈറ്റ്’ നടക്കും.
ഡിസംബർ 26ന് മജിദ് അൽ മോഹൻദാസ് അവതരിപ്പിക്കുന്ന കൺസർട്ട്, ഡിസംബർ 28ന് ലയണൽ റിച്ചി അരങ്ങിലെത്തുന്ന പരിപാടി എന്നിവ എക്സിബിഷൻ വേൾഡിൽ നടക്കും.
ഇവന്റുകളുടെയും എക്സ്ക്ലൂസിവ് ഓഫറുകളുടെയും വിശദാംശങ്ങൾ www.Celebrate.bh](http://www.Celebrate.bh) എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.