മനാമ: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ബഹ്റൈൻ ദേശീയ ക്രിക്കറ്റ് ടീം ഉഗാണ്ട, ഖത്തർ അന്താരാഷ്ട്ര ടൂറിനൊരുങ്ങുന്നു. ഒക്ടോബർ 26 മുതൽ നവംബർ മൂന്നു വരെയാണ് ഉഗാണ്ട ടൂർ. രണ്ട് ടി20 ഇന്റർനാഷനലുകളും രണ്ട് ഏകദിന പരിശീലന മത്സരങ്ങളും ഉഭയകക്ഷി പരമ്പരയും ഉഗാണ്ടയിലുണ്ട്.
ഇതിനുശേഷം നവംബർ അഞ്ചു മുതൽ 16 വരെ ഐ.സി.സി സി.ഡബ്ല്യു.സി ചലഞ്ച് ലീഗ് ബിയിൽ ബഹ്റൈൻ ദേശീയ ക്രിക്കറ്റ് ടീം പങ്കെടുക്കും. ഉഗാണ്ട, താൻസനിയ, ഇറ്റലി, ഹോങ്കോങ്, സിംഗപ്പൂർ എന്നിവർക്കെതിരായ മത്സരങ്ങൾ ഏകദിന ലോകകപ്പ് യോഗ്യതക്ക് നിർണായകമാണ്.നവംബർ 18 മുതൽ 28 വരെ ഖത്തറിൽ നടക്കുന്ന ഐ.സി.സി ലോകകപ്പ് ഏഷ്യ ക്വാളിഫയർ ബിയിൽ ബഹ്റൈൻ മത്സരിക്കും.
ഭൂട്ടാൻ, കംബോഡിയ, ഖത്തർ, സൗദി, തായ്ലൻഡ്, യു.എ.ഇ എന്നിവയുമായി ഏറ്റുമുട്ടും. ടി20 ലോകകപ്പ് 2026 യോഗ്യത മത്സരങ്ങളുടെ ഭാഗമായി ഡിസംബറിൽ, യു.എ.ഇ, ഖത്തർ, ഒമാൻ, സൗദി, കുവൈത്ത് എന്നിവയെ നേരിടുന്ന ടീം ദുബൈയിൽ നടക്കുന്ന ഗൾഫ് കപ്പിൽ പങ്കെടുക്കും. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ബി.സി.എഫ് നടത്തിയ ചടങ്ങിലായിരുന്നു ഇതിന്റെ പ്രഖ്യാപനം.
ബി.സി.എഫ് ചെയർമാനും അഡ്വൈസറി ബോർഡ് അംഗവുമായ മുഹമ്മദ് മൻസൂർ, ബഹ്റൈനിലെ ക്രിക്കറ്റിന് പിന്തുണ നൽകുന്ന ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫക്ക് നന്ദി രേഖപ്പെടുത്തി. മുൻ ഇന്ത്യൻ താരം ആശിഷ് കപൂറിന്റെ കീഴിലുള്ള കഠിന പരിശീലനം ടീമിന്റെ ലോകകപ്പ് സാധ്യതകളെ വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ 26ാമത് ഐ.സി.സി ടി20 റാങ്കിലുള്ള ബഹ്റൈൻ ആഗോള തലത്തിൽ തന്റെ സ്ഥാനം മെച്ചപ്പെടുത്തും. ബംഗ്ലാദേശ് എംബസി ചാർജ് ദ അഫയേഴ്സ് എ.കെ. എം. മുഹ്യിദ്ദീൻ കയേസ് വിശിഷ്ടാതിഥിയായിരുന്നു.
ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഫോളോഅപ് മേധാവി യൂസുഫ് യാക്കൂബ് ലോറി പങ്കെടുത്തു. ലൈഫ് എൻ സ്റ്റൈൽ, ഐ.സി.ഐ.സി.ഐ, ബി.എഫ്സി, വൈ കെ അൽമോയ്ദ്, എസ്ടിസി, വി.എം.ബി, യു.എഫ്.സി ജിം, ബറാക്ക ബെസ്പോക്ക്, കൈലാഷ് പർവത് സ്പോൺസർമാരും ബഹ്റൈൻ ദേശീയ, വനിത, എമർജിങ് യൂത്ത് ടീമുകളുടെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
പ്രസിഡന്റ് സാമി അലി എല്ലാ സ്പോൺസർമാർക്കും നന്ദി അറിയിച്ചു. ജനറൽ സെക്രട്ടറി കിഷോർ കേവൽറാം ക്രിക്കറ്റ് ക്വിസിലെ വിജയികൾക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.