മനാമ: മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കാലികനിയമങ്ങൾ ആവിഷ്കരിക്കാനും നടപ്പാക്കാനും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് സാധിച്ചതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി വ്യക്തമാക്കി. അറബ് മനുഷ്യാവകാശദിനം, അറബ് മനുഷ്യവകാശ ചാർട്ടർ പ്രഖ്യാപനത്തിന്റെ 20ാമത് വർഷം എന്നിവയോടനുബന്ധിച്ച് ഇറക്കിയ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മനുഷ്യാവകാശമേഖലയിൽ നിരവധി മുന്നേറ്റം നടത്താൻ സാധിച്ചെന്നത് അഭിമാനകരമാണ്. അറബ് മേഖലയിലും അന്താരാഷ്ട്ര രംഗത്തും ശ്രദ്ധേയമായ ഒട്ടേറെ നടപടികൾ ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കാൻ രാജ്യത്തിന് സാധ്യമായി. മതം, ഭാഷ, രാജ്യം, ആശയം എന്നിവക്കുപരിയായി മനുഷ്യനെന്ന നിലക്ക് ഓരോ വ്യക്തിക്കുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ബഹ്റൈൻ ശ്രമിക്കുന്നത്.
വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതോടൊപ്പം മറ്റൊരാളെ ആക്ഷേപിക്കുന്നതിനും അവകാശങ്ങൾ കവർന്നെടുക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നതിൽനിന്ന് വിലക്കുന്ന നിയമവുമുണ്ട്. മനുഷ്യന് ആദരവ് നൽകുകയും അവന്റെ അഭിമാനത്തിന് ഇടിവ് സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കുകയും ചെയ്യുന്നതോടൊപ്പം മനുഷ്യാവകാശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് വിവിധ അന്താരാഷ്ട്ര വേദികളും രാജ്യങ്ങളുമായി സഹകരിക്കുകയും ചെയ്യുന്നു.
തടവിൽ കഴിയുന്നവരുടെയും റിമാൻഡിലുള്ളവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തമായ നിയമമുണ്ട്. തടവിൽ കഴിയുന്നവർക്ക് മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യത്തിൽ പരാതി നൽകാനായി ഓംബുഡ്സ്മാനെ നിയമിക്കുകയും ചെയ്തു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ഏറ്റവും മികച്ചതും മറ്റേതൊരു വികസിത രാജ്യത്തിനും സമാനവുമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
പാർലമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പങ്കാളികളാകുന്നതിനും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനും ബഹ്റൈന് സാധ്യമായി.
2022ൽ ഏറ്റവും അവസാനമായി നടന്ന തെരഞ്ഞെടുപ്പിൽ 73 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ശൂറ കൗൺസിൽ, പാർലമെന്റ്, മുനിസിപ്പൽ കൗൺസിലുകൾ തുടങ്ങിയവ ജനപ്രാതിനിധ്യത്തിന്റെയും ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുമുള്ള ബോഡികളാണ്.
തുറന്ന ജയിലെന്ന സങ്കൽപവും ബദൽ ശിക്ഷാരീതികളും തടവുകാർക്കായി പരീക്ഷിച്ച് വിജയിച്ച സംവിധാനങ്ങളാണ്. ബദൽ ശിക്ഷാരീതി 6370 തടവുകാർ ഇതുവരെ പ്രയോജനപ്പെടുത്തി. 2018 മേയ് മുതലാണ് ഇത് അംഗീകരിച്ചത്. തുറന്ന ജയിലിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.