മനാമ: ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം പേർ മരിക്കുന്നത് കാൻസർ അഥവ അർബുദം ബാധിച്ചാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാൻസർ മാരകമാണെങ്കിലും ചികിൽസിച്ചു സുഖപ്പെടുത്താനാവാത്തതാണ് എന്ന ധാരണ മാറിയിട്ടുണ്ട്. നേരത്തെ കണ്ടെത്തിയാൽ ചികിൽസിച്ച് ഭേദപ്പെടുത്താവുന്ന അസുഖമാണ് കാൻസർ. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അർബുദ സാധ്യത ഒഴിവാക്കാമെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. കാൻസർ സംബന്ധിച്ച തെറ്റിദ്ധാരണകൾ നീക്കിക്കൊണ്ട് പ്രവാസികളിൽ ബോധവത്കരണമുൾെപ്പടെയുള്ള പരിപാടികളും മെഡിക്കൽ പരിശോധനകളും നടത്തി കാൻസർ മുക്തമായ ജീവിതം എന്ന ലക്ഷ്യം കൈവരിക്കാനായി രൂപവത്കരിച്ച സംഘടനയാണ് കാൻസർ കെയർ ഗ്രൂപ് (സി.സി.ജി).
ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുമായി (ബി.സി.എസ്) അഫിലിയേറ്റ് ചെയ്‌താണ് സി.സി.ജിയുടെ പ്രവർത്തനം. 2014 ഒക്‌ടോബർ 29-ന് സ്ഥാപിതമായ കാൻസർ കെയർ ഗ്രൂപ് ‘അസിസ്റ്റ്- പ്രിവന്റ്- സപ്പോർട്ട്’ എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി അർബുദബോധവത്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. വ്യായാമവും ഭക്ഷണനിയന്ത്രണവും ഒരുപരിധിവരെ അർബുദ സാധ്യത കുറക്കുമെന്ന് സി.സി.ജി പ്രസിഡന്റ് ഡോ.പി.വി. ചെറിയാൻ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങൾ, പ്രമേഹം, ഹൃദ്രോഗം, ഉയർന്ന ബി.പി, സ്ട്രോക്ക് തുടങ്ങിയവ സംബന്ധിച്ച അവബോധം പ്രവാസികളിലുണ്ടാക്കുക സംഘടനയുടെ പ്രധാന ലക്ഷ്യമാണ്. ഇതിനായി മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സ്വന്തം നിലയിലും ഇതര സംഘടനകളുടെ ആഭിമുഖ്യത്തിലും സി.സി.ജി. സംഘടിപ്പിക്കാറുണ്ട്.
അർബുദത്തിനെതിരായ പ്രവർത്തനങ്ങൾക്കു പുറമെ വിഷാദരോഗം, ആത്മഹത്യാ പ്രവണത, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ സംബന്ധിച്ചും അറിവ് പകർന്നുകൊടുക്കുന്ന പരിപാടികൾ ഗ്രൂപ് നടത്തുന്നു. രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനായി പരിശോധന നടത്താനുള്ള സംവിധാനം വിവിധ ആശുപത്രികളുമായി ചേർന്ന് ഒരുക്കിയിട്ടുണ്ട്.
ട്രാഫിക് ഡയറക്ടറേറ്റ്/ സിവിൽ ഡിഫൻസ്/ സൈക്യാട്രി ഹോസ്പിറ്റൽ/ ഫിസിയോതെറപ്പി സെന്ററുകൾ/ നേത്ര ക്ലിനിക്ക് തുടങ്ങിയവയുമായി ചേർന്ന് രോഗം, രോഗകാരണങ്ങൾ ഇവ സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന തരത്തിൽ പ്രദർശനങ്ങൾ നടത്താറുണ്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷനുമായി ചേർന്ന് കാർഡിയോ-പൾമണറി റെസസിറ്റേഷൻ പരിശീലനവും പ്രഥമശുശ്രൂഷ ക്ലാസുകളും ഗ്രൂപ് നടത്തിയിട്ടുണ്ട്.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ഐ.സി.ആർ.എഫിന്റെയും സഹകരണത്തോടെ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വർധിച്ച ചൂടിനെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള പഠനക്ലാസ്സുകളും സി.സി.ജി ഏറ്റെടുത്ത് നടത്തുന്നു. ഇത് കൂടാതെ ചികിൽസാ മേഖലയിലെ നൂതന പ്രവണതകൾ സംബന്ധിച്ച് മെഡിക്കൽ പ്രഫഷനലുകൾക്കായി മെഡിക്കൽ സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. കാൻസർ ഉൾെപ്പടെ രോഗചികിൽസകളിൽ സമീപകാലത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ സംബന്ധിച്ച് അവബോധമുണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായെന്ന് ഡോ. പി.വി.ചെറിയാൻ ചൂണ്ടിക്കാണിക്കുന്നു.
അർബുദ ബാധിതർക്ക് ചികിൽസ സംബന്ധിച്ച മാർഗ നിർദേശം നൽകാനും സംഘടന സദാ സന്നദ്ധമാണ്. സൽമാനിയ ഗവൺമെന്റ് ഹോസ്പിറ്റലിലെയും കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെയും (കെ.എച്ച്.യു.എച്ച്) ഓങ്കോളജി വാർഡുകൾ സന്ദർശിച്ച് നിർധനരായ രോഗികൾക്ക് ആവശ്യമായ സാമൂഹിക പിന്തുണ നൽകുകയും ചെയ്യാറുണ്ട്. സംഘടനയുമായി ബന്ധപ്പെട് പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് കെ.ടി. സലിം (ജനറൽ സെക്രട്ടറി) 33750999/ ജോർജ് മാത്യു :33093409, അബ്ദുൽ സഹീർ : 33197315, ഡോ പി.വി ചെറിയാൻ: 33478000 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.