മനാമ: കോവിഡ് വ്യാപനം തടയാൻ ഒക്ടോബർ 14 വരെ കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ രോഗികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നത് കഴിഞ്ഞ രണ്ടാഴ്ച മുൻകരുതൽ ശക്തമാക്കിയതുകൊണ്ടാണ്. സാമൂഹിക അകലം പാലിച്ചും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചും കൂടിച്ചേരലുകൾ പരിമിതപ്പെടുത്തിയും രോഗവ്യാപനം തടയാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ രോഗവ്യാപന ശരാശരി കൂടാൻ കാരണം മുൻകരുതൽ പാലിക്കുന്നതിലെ വീഴ്ചയാണ്. മാർച്ചിൽ രോഗവ്യാപന ശരാശരി 126 ആയിരുന്നത് മേയിൽ 3356ഉം ജൂണിൽ 5272ഉം ആയി ഉയർന്നു. എന്നാൽ, ജൂലൈയിൽ 4106 ആയും ആഗസ്റ്റിൽ 3109 ആയും കുറഞ്ഞു. അതേസമയം, സെപ്റ്റംബറിൽ ഇത് 5715 ആയി ഉയർന്നു. ഇൗദ്, ആശൂറ സമയങ്ങളിൽ ജനങ്ങൾ മുൻകരുതൽ വേണ്ടത്ര പാലിക്കാതിരുന്നതാണ് കേസുകൾ കൂടാൻ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്റൈനിൽ കോവിഡ് -19 വാക്സിൻ പരീക്ഷണത്തിന് പുതുതായി 1600 പേർ കൂടി രംഗത്തെത്തിയതായി ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ കൺസൽട്ടൻറും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടാസ്ക് ഫോഴ്സ് അംഗവുമായ ലഫ്. കേണൽ മനാഫ് അൽ ഖത്താനി പറഞ്ഞു. നേരത്തേ, 6000 പേരിൽ പരീക്ഷണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വളൻറിയർമാരിൽനിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് 1700 പേരെ കൂടി ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇനിയും പെങ്കടുക്കാൻ താൽപര്യമുള്ളവർക്ക് രാവിലെ എട്ടിനും രാത്രി എട്ടിനുമിടയിൽ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ എത്തി പരീക്ഷണത്തിൽ പെങ്കടുക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പരിശോധന നടത്തിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. പരീക്ഷണത്തിൽ പങ്കാളിയാകുന്നവരെ ഒരു വർഷം നിരീക്ഷണ വിധേയരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.