മനാമ: നല്ല നാളെയുടെ പ്രതീക്ഷകളായി യുവജനങ്ങൾ ഉയരണമെന്ന ആഹ്വാനവുമായി സേക്രഡ് ഹാർട്ട് സ്കൂളിൽ മാർപാപ്പ പങ്കെടുത്ത യുവജന സംഗമം. 'നിങ്ങളുടെ സർഗാത്മകതയും സ്വപ്നങ്ങളും ധൈര്യവും പുഞ്ചിരിയും ചടുലതയും ഞങ്ങൾക്കാവശ്യമുണ്ട്. പഴകിയ ശീലങ്ങളിൽനിന്ന് പുറത്തുകടന്ന് കാര്യങ്ങളെ കാണാൻ ഞങ്ങളെ സഹായിക്കുന്നതാണ് അതെല്ലാം..' നിറഞ്ഞ പ്രസരിപ്പുമായി തന്നെ കേൾക്കാനെത്തിയ യുവജനങ്ങളോട് മാർപാപ്പ പറഞ്ഞു.
വലിയ സ്വപ്നങ്ങൾ കാണാനും ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കാനുമുള്ള ധൈര്യം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് മാർപാപ്പ ഓർമിപ്പിച്ചു. മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരുന്ന കരുതലിന്റെ സംസ്കാരം വളർത്തിയെടുക്കണം. ഇതിനാദ്യം വേണ്ടത് ഹൃദയത്തിന്റെ മന്ത്രണങ്ങൾ ശ്രവിച്ചും ദൈവത്തോട് സംസാരിച്ചും അനുദിന ജീവിതത്തിലെ വേദനകളും സന്തോഷങ്ങളും പങ്കുവെച്ചും തന്നോടുതന്നെയുള്ള കരുതലാണ്. കരുതലിന്റെ സംസ്കാരത്തെ പുൽകിയാൽ, സാഹോദര്യത്തിന്റെ വിത്തുകൾ മുളപൊട്ടും. ജീവിതത്തിൽ തീരുമാനങ്ങളെടുക്കുന്നതിലുള്ള വെല്ലുവിളികൾ നേരിടാൻ തയാറാകണമെന്ന് അദ്ദേഹം യുവജനങ്ങളോട് ആഹ്വാനംചെയ്തു. സാധ്യതകളെ ശരിയായി വിലയിരുത്തി ഏറ്റവും നല്ലത് തിരഞ്ഞെടുക്കുന്നതാണ് മികച്ച തീരുമാനമെടുക്കുന്നതിൽ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിലെ പൂർവവിദ്യാർഥികൾ തങ്ങളുടെ അനുഭവങ്ങൾ മാർപാപ്പക്കുമുന്നിൽ പങ്കുവെച്ചു. പരമ്പരാഗത ബഹ്റൈനി വേഷത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തപരിപാടിയും ഗായകസംഘം ആലപിച്ച ഗാനങ്ങളും ചടങ്ങിന്റെ മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.