മനാമ: ബഹ്റൈനിൽ 1,16,000 ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർകോട്ടിക് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നിരവധി വ്യക്തികളെ പിടികൂടിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഒന്നിലധികം മയക്കുമരുന്ന് ഇടപാടുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇവരിൽനിന്ന് ഏകദേശം ആറ് കിലോ മയക്കുമരുന്ന് അധികൃതർ പിടിച്ചെടുത്തു. 1,16,000 ദീനാർ വില വരുന്നതാണിത്. മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ച പണവും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സമൂഹത്തിലെ മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എല്ലാവരും സഹകരിക്കണമെന്നും പൗരന്മാരും താമസക്കാരും ജാഗരൂകരായിരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ 996 എന്ന നമ്പറിൽ വിളിച്ചോ 996@interior.gov.bh എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയച്ചോ റിപ്പോർട്ട് ചെയ്യാൻ ഡയറക്ടറേറ്റ് അഭ്യർഥിച്ചു. എല്ലാ വിവരങ്ങളും അതിരഹസ്യമായി കൈകാര്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.