മനാമ: അതിനൂതന സാങ്കേതികവിദ്യകളും ആശയങ്ങളും ലോകത്തിന് മുന്നിൽ തുറന്നിട്ട് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഏറ്റവും വലിയ ടെക് ഷോയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈടെക്സ് ഗ്ലോബൽ) ബഹ്റൈനിന്റെ പവലിയനും. ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിന്റെയും (ഇ.ഡി.ബി) ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെയും (ടി.ആർ.എ) പങ്കാളിത്തത്തോടെ ലേബർ ഫണ്ട് (തംകീൻ) ആണ് ബഹ്റൈനിന്റെ പവലിയൻ നടത്തുന്നത്. ഈ വർഷത്തെ പതിപ്പിൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി മേഖലയിലുള്ള 16 ബഹ്റൈൻ സ്റ്റാർട്ടപ്പുകളും എസ്.എം.ഇകളും ഉണ്ട്.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച 44ാമത് എഡിഷൻ മേള ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബൈ എയര്‍പോര്‍ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല് മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച വരെ നടക്കുന്ന മേളയിൽ 180 രാജ്യങ്ങളിൽനിന്നായി 6500 കമ്പനികളാണ് പങ്കെടുക്കുന്നത്. മിഡിൽ ഈസ്റ്റിലും പുറത്തുമുള്ള വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്ന ഏറ്റവും മികച്ച സൊലൂഷനുകളാണ് മേളയിൽ അവതരിപ്പിക്കുക. നിർമിത ബുദ്ധി (എ.ഐ), സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചാണ് പ്രദർശനം. കേരളത്തില്‍നിന്ന് ഇത്തവണ 30 സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന ഐ.ടി വകുപ്പിന്റെയും കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും നേതൃത്വത്തിലാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധി സംഘം ജൈടെക്സ് ഗ്ലോബലില്‍ തങ്ങളുടെ സാങ്കേതിക മികവുകള്‍ അവതരിപ്പിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി 65,500 ഡയറക്ടർമാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. നിരവധി കരാർ ഒപ്പുവെക്കൽ ചടങ്ങുകൾക്കും മേള സാക്ഷിയാകും. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളുകളിലായാണ് മേള. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.