മനാമ: ബഹ്റൈൻ-ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനത്തിന്റെ നാലാം പതിപ്പിന് സലാലയിൽ തുടക്കമായി. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ദോഫാർ ഗവർണറേറ്റിലെ ശാഖയുടെയും ഒമാനിലെ ബഹ്റൈൻ എംബസിയുടെയും സഹകരണത്തോടെ ഒമാനി-ബഹ്റൈൻ ഫ്രണ്ട്ഷിപ് സൊസൈറ്റി സംഘടിപ്പിക്കുന്ന പരിപാടി പത്ത് ദിവസം നീണ്ടുനിൽക്കും.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളാണ് പ്രദർശനം കാണാനായി എത്തിയത്. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രാദേശിക, ഗൾഫ് വിപണിയിൽ ഒമാനി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് എക്സിബിഷനെന്നും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കുള്ളിൽ ദേശീയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ദേശീയ സമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സലാല ഗ്രാൻഡ് മാളിൽ നടക്കുന്ന പ്രദർശനത്തിൽ 33 ഒമാനി, ബഹ്റൈൻ സംരംഭകരാണ് പങ്കെടുക്കുന്നത്. തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുക, വ്യാപാര വിനിമയ അളവ് വർധിപ്പിക്കുക, വിവിധ മേഖലകളിലെ പ്രദർശനങ്ങളിലൂടെ ഇരുപക്ഷവും തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിനും അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മൂന്ന് പതിപ്പുകളുടെയും മികച്ച വിജയമാണ് ഒമാനി-ബഹ്റൈനി ഉൽപന്ന പ്രദർശനത്തിന്റെ നാലാം പതിപ്പിന് പ്രേരകമായതെന്ന് ഒമാനിലെ ബഹ്റൈൻ അംബാസഡർ ഡോ. ജുമാ ബിൻ അഹമ്മദ് അൽ ഖാബി പറഞ്ഞു.
മുൻ പതിപ്പുകൾ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും രണ്ട് സാഹോദര്യ രാജ്യങ്ങളിലെ ഉൽപന്നങ്ങൾക്ക് പുതിയ വിപണി തുറക്കുന്നതിലും സംരംഭകർ വഹിച്ച പങ്ക് പ്രാധാന്യമുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര സാമ്പത്തിക വികസനത്തിലും വ്യവസായങ്ങൾ കൈമാറ്റം ചെയ്യുന്നതിലും ഇരു സഹോദര രാജ്യങ്ങളുടെയും സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ഒമാനി-ബഹ്റൈൻ ഫ്രണ്ട്ഷിപ് സൊസൈറ്റി വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് ദോഫാർ ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബ്രാഞ്ചിന്റെ തലവൻ നയീഫ് ബിൻ ഹമീദ് ഫാദൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.