മനാമ: മഴക്കെടുതി നേരിടാനാവശ്യമായ അടിയന്തര നടപടികൾ കൈക്കൊള്ളാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴമൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടും മറ്റു നാശനഷ്ടങ്ങളും വിലയിരുത്താൻ തീരുമാനിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകാനും അടിസ്ഥാന സൗകര്യം അവതാളത്തിലായ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി നടത്താനും പ്രധാനമന്ത്രി നിർദേശിച്ചു. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള പൈപ്പ് ലൈനുകൾ നവീകരിക്കാനും വെള്ളക്കെട്ട് അടിയന്തരമായി ഒഴിവാക്കാനും ബന്ധപ്പെട്ടവരോട് നിർദേശിച്ചു.
മഴക്കെടുതി നേരിടുന്നതിന് സിവിൽ ഡിഫൻസ്, ട്രാഫിക്, പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയം എന്നിവ നടത്തിയ പ്രവർത്തനങ്ങളെ കാബിനറ്റ് പ്രകീർത്തിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് സേവന സന്നദ്ധരായി മുന്നോട്ടുവന്ന സ്വദേശികളെയും അഭിനന്ദിച്ചു.
ബഹ്റൈനും യു.എൻ ഡെവലപ്മെന്റ് ഓർഗനൈസേഷനും തമ്മിൽ പരസ്പര സഹകരണത്തിന് യോഗം അംഗീകാരം നൽകി. ബഹ്റൈനും മൊറോകോയും തമ്മിൽ പുനരുപയോഗ ഊർജ മേഖലയിൽ സഹകരിക്കുന്നതിനും അംഗീകാരമായി. ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിന്റെ മൂലധനം ഉയർത്തുന്നതിനുള്ള ധനകാര്യ മന്ത്രിയുടെ നിർദേശം കാബിനറ്റ് അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.