മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഫേബർ കാസ്റ്റൽ സ്പെക്ട്ര ഡിസംബർ ആറിന് ഇന്ത്യൻ സ്കൂൾ - ഇസ ടൗൺ കാമ്പസിൽ നടക്കും. യുവ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് നടത്തുന്ന ആർട്ട് ആൻഡ് പെയിന്റിങ് മത്സരമാണ് ഫേബർ കാസ്റ്റൽ സ്പെക്ട്രയുടെ ആകർഷണം. രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്ന് ഐ.സി.ആർ.എഫ് ഭാരവാഹികൾ അറിയിച്ചു.
കലയിലൂടെ സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിൽ ബഹ്റൈൻ കരിക്കുലം സ്കൂളുകളിൽ നിന്നും വിവിധ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ പങ്കെടുക്കും. മത്സര തയാറെടുപ്പിന്റെ ഭാഗമായി ഐ.സി.ആർ.എഫ് സ്പെക്ട്ര ടീം സ്കൂൾ കോഓഡിനേറ്റർമാരുടെ യോഗം നടത്തി. 25 സ്കൂളുകളിൽ നിന്നായി ഏകദേശം 40 കോഓഡിനേറ്റർമാർ പങ്കെടുത്തു.
നാല് പ്രായ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ 11 വയസ്സ് വരെ, 11 മുതൽ 14 വയസ്സ് വരെ, 14 മുതൽ 18 വയസ്സ് വരെ എന്നിങ്ങനെ. സ്കൂളുകൾ/സ്ഥാപനങ്ങൾ വഴി മാത്രമേ പങ്കാളിത്തം അനുവദിക്കൂ. പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ ഡ്രോയിങ് മെറ്റീരിയലുകൾ ലഭിക്കും. ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ച് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. കൂടാതെ ഓരോ ഗ്രൂപ്പിൽനിന്ന് മികച്ച 50 പേർക്ക് മെഡലുകളും ലഭിക്കും.
പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. വിജയിക്കുന്ന കലാസൃഷ്ടികളും മറ്റ് മികച്ച സൃഷ്ടികളും 2024 ഡിസംബറിൽ ലോഞ്ച് ചെയ്യുന്ന 2025 ഐ.സി.ആർ.എഫ് വാൾ, ഡെസ്ക് കലണ്ടറുകളിൽ പ്രദർശിപ്പിക്കും.
https://icrfbahrain.com/spectra/ എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം. സ്പെക്ട്ര 2024 സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സ്പെക്ട്ര കൺവീനർ മുരളീകൃഷ്ണനെ 34117864 എന്ന നമ്പറിലോ ജോയന്റ് കൺവീനർ നിഥിനെ 39612819 എന്ന നമ്പറിലോ - icrfbahrain@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.