മനാമ: ഇന്ത്യക്കു പുറത്ത് നീറ്റ് പരീക്ഷകേന്ദ്രങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ മാനേജ്മെന്റ് നാഷനൽ ടെസ്റ്റിങ് ഏജൻസിയോട് (എൻ.ടി.എ) അഭ്യർഥിച്ചു. നീറ്റ് യു.ജി 2024ന്റെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുകയും ഇന്ത്യയിലുടനീളം 554 പരീക്ഷകേന്ദ്രങ്ങൾ പ്രഖ്യാപിക്കുകയും എന്നാൽ ബഹ്റൈനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും കേന്ദ്രങ്ങളെക്കുറിച്ച് പരാമർശമില്ലാതെയുമുള്ള സാഹചര്യത്തിൽ ബഹ്റൈനിലെ ഇന്ത്യൻ വിദ്യാർഥികൾ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കു നൽകിയ നിവേദനത്തിൽ ഇന്ത്യക്കു പുറത്തുള്ള നീറ്റ് പരീക്ഷകേന്ദ്രങ്ങൾ നിർത്താനുള്ള തീരുമാനത്തിൽ ഇന്ത്യൻ സ്കൂൾ ആശങ്ക പ്രകടിപ്പിച്ചു.
ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 2022ലും 2023ലും നീറ്റ് യു.ജി പരീക്ഷ വിജയകരമായി നടത്തിയിരുന്നു. ഇപ്പോൾ എൻ.ടി.എയുടെ അടുത്തിടെയുള്ള തീരുമാനം പല പ്രവാസി കുടുംബങ്ങളെയും അനിശ്ചിതത്വത്തിലും സാമ്പത്തിക ഞെരുക്കത്തിലും പെടുത്തിയെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അമിതമായ വിമാനക്കൂലിയും ഇന്ത്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രവാസികളായ രക്ഷിതാക്കളുടെ സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടി. വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന സാഹചര്യത്തിൽ കുട്ടികളോടൊപ്പം ഇന്ത്യയിലേക്കുള്ള യാത്ര ദുഷ്കരമാണെന്നും സ്കൂൾ വ്യക്തമാക്കി. മാതാപിതാക്കളുടെ പിന്തുണയില്ലാതെ അപരിചിതമായ ചുറ്റുപാടുകളിൽ ഇപ്പോൾ പരീക്ഷ എഴുതാനുള്ള സാധ്യത വിദ്യാർഥികളുടെ മാനസിക ആഘാതം കൂട്ടുമെന്നും ഈ വെല്ലുവിളികൾ രക്ഷിതാക്കളെയും വിദ്യാർഥികളെയും ബാധിക്കുമെന്നതിനാൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ സെന്റർ നിർത്തലാക്കിയ തീരുമാനം പിൻവലിക്കണമെന്നും സ്കൂൾ അധികൃതർ അഭ്യർഥിച്ചു. പ്രവാസി കുടുംബങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കി ബഹ്റൈനിലും ഇന്ത്യക്കു പുറത്തുമുള്ള പരീക്ഷകേന്ദ്രങ്ങൾ പുനഃസ്ഥാപിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.