മനാമ: ഓണാഘോഷങ്ങളിൽ മലയാളികളോടൊപ്പം പങ്കാളിയായി ബഹ്റൈനി ഉന്നത ഉദ്യോ ഗസ്ഥയും. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറി ഇനാസ് അൽ മാജിദാണ് ഓണപ്പുടവ ധരിച്ച് ഓണാഘോഷത്തിൽ പങ്കുചേർന്നത്. കെ.സി.എ-ബി.എഫ്.സി ഓണം പൊന്നോണം-2023 ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായാണ് ഇനാസ് അൽ മാജിദ് എത്തിയത്. കേരള കാത്തലിക് അസോസിയേഷൻ ഹാളിലായിരുന്നു ആഘോഷം.
മുഖ്യാതിഥി ചടങ്ങിനെത്തിയപ്പോൾ കണ്ടത് സെറ്റുമുണ്ടും മറ്റും ധരിച്ച മലയാളിമങ്കമാരെയാണ്. അതുകണ്ട് കൗതുകം കാട്ടിയ അതിഥിയെ ഓണപ്പുടവ ധരിക്കാൻ ഭാരവാഹികൾ ക്ഷണിച്ചു. അപ്പോൾതന്നെ ക്ഷണം സ്വീകരിച്ച അവർ ഓണത്തനിമയുള്ള വസ്ത്രം ധരിക്കാൻ സന്നദ്ധയായി.
കേരള കാത്തലിക് അസോസിയേഷൻ വനിത വിഭാഗം അംഗങ്ങൾ അവരെ വസ്ത്രധാരണത്തിന് സഹായിച്ചു. ഓണപ്പുടവ മഹനീയവും സുന്ദരവുമായ വസ്ത്രമാണെന്നുപറഞ്ഞ അവർ തന്റെ സന്തോഷം പങ്കിടുകയും ചെയ്തു. എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ പ്രതീകമായ ഓണത്തിന്റെ ആശംസകൾ നേർന്നിട്ടാണ് അവർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.