മനാമ: ഫോബ്സ് പ്രസിദ്ധീകരിച്ച മിഡിലീസ്റ്റിലെ സമ്പന്ന ബിസിനസ് ഗ്രൂപ്പുകളുടെ പട്ടികയിൽ ബഹ്റൈനിലെ നാലു പ്രമുഖ ഗ്രൂപ്പുകളും. 2024ലെ നൂറ് പ്രമുഖ അറബ് ബിസിനസ് കുടുംബങ്ങളുടെ പട്ടികയിലാണ് വൈ.കെ അൽമൊയ്യാദ് ആൻഡ് സൺസ്, യൂസുഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ്, അൽസയാനി ഇൻവെസ്റ്റ്മെന്റ്സ്, അബ്ദുല്ല യൂസുഫ് ഫക്രു ഗ്രൂപ് എന്നിവ ഇടംനേടിയത്.
പരമ്പരാഗത ബിസിനസ് മേഖലകളിൽനിന്ന് പുതിയ മേഖലകളിലേക്ക് അറബ് ബിസിനസ് വ്യാപിക്കുന്നതായാണ് കണ്ടുവരുന്നതെന്ന് ഫോബ്സ് വ്യക്തമാക്കുന്നു. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, നിർമാണം തുടങ്ങിയ മേഖലകളിലാണ് പരമ്പരാഗത ബിസിനസ് സ്ഥാപനങ്ങൾ വർഷങ്ങളായി ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, സമീപകാലത്തായി ഐ.ടി അടക്കം പുതിയ നിരവധി മേഖലകളിൽ ഈ കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ട്. വൈവിധ്യവത്കരണത്തിലൂടെ ലോക വ്യവസായരംഗത്ത് മത്സരാർഥികൾ എന്ന നിലക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ അറബ് വ്യവസായ ഗ്രൂപ്പുകൾക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
1940ൽ സ്ഥാപിതമായ വൈ.കെ. അൽമൊയ്യാദ് ആൻഡ് സൺസ് ഗ്രൂപ്പിന് 300ലധികം ബ്രാൻഡുകളുണ്ട്. ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഹെവി ഉപകരണങ്ങൾ, വ്യവസായം, നിർമാണസംവിധാനങ്ങൾ തുടങ്ങി നിരവധി മേഖലകളിലും കമ്പനിയുടെ സാന്നിധ്യമുണ്ട്. പാനസോണിക്, ഹിസെൻസ് സി.എ.സി, ഇ.എൽ.എഫ് ലൂബ്രികന്റ്സ്, നികായ്, ബി.കെ.ടി ടയേഴ്സ്, ക്രാങ്ക് ബാറ്ററികൾ)എന്നിവയുൾപ്പെടെയുള്ള പ്രധാന ബ്രാൻഡുകളുമായി വ്യാപാരപങ്കാളിത്തവുമുണ്ട്.
1890ൽ സ്ഥാപിതമായ യൂസുഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ് (YBA കാനൂ) ഷിപ്പിങ്, ലോജിസ്റ്റിക് സേവനങ്ങൾ, യാത്ര, വ്യവസായം, എണ്ണ, വാതകം, സാമ്പത്തിക, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നു.
ഓട്ടോമൊബൈൽസ്, ഹെൽത്ത് കെയർ, മാനുഫാക്ചറിങ്, റിയൽ എസ്റ്റേറ്റ്, സർവിസ് കമ്പനികൾ, ഭക്ഷണം, പാനീയങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് അൽസയാനി ഇൻവെസ്റ്റ്മെന്റ്സ്. 1977ൽ സ്ഥാപിതമായ കമ്പനിക്ക് മറ്റ് മൾട്ടിനാഷനലുകളുമായി സംയുക്ത സംരംഭങ്ങളുമുണ്ട്.
1888ൽ സ്ഥാപിതമായ ഫക്രു ഗ്രൂപ് ഓട്ടോമൊബൈൽ, വ്യവസായിക ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഷുറൻസ്, ഷിപ്പിങ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ പ്രമുഖരാണ്. ഡൺലപ്, മക്ഡൊണാൾഡ്സ് തുടങ്ങിയ ആഗോള ബ്രാൻഡുകളുമായും പങ്കാളിത്തമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.