മനാമ: ഞായറാഴ്ച രാത്രിയുണ്ടായ പൊടിക്കാറ്റ് പരക്കെ നാശം വിതച്ചു. തിങ്കളാഴ്ച പുലർച്ചയും ശക്തമായ കാറ്റ് വീശി. മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മേൽ വീണ് ഗതാഗത തടസ്സമുണ്ടായി. വാഹനമോടിക്കുന്നവർക്ക് ദൂരക്കാഴ്ചക്കും പ്രയാസം നേരിടുകയുണ്ടായി. കെട്ടിടങ്ങൾക്കും വിളക്കുകാലുകൾക്കും കേടുപാടുകൾ സംഭവിച്ചു.
കെട്ടിടങ്ങൾക്ക് മുകളിൽ വെച്ച ബോർഡുകൾ പലയിടത്തും മറിഞ്ഞുവീണു. വിവിധ മന്ത്രാലയങ്ങളിലെ സിവിൽ ഡിഫൻസ് ടീമുകളും മെയിന്റനൻസ് ജീവനക്കാരും ചേർന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്തു. ഹൂറ മഖ്ബറക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ റോഡിലേക്ക് കടപുഴകിയ മരം നീക്കംചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജഅ്ഫരീ ഔഖാഫ് വൃത്തങ്ങൾ അറിയിച്ചു. മരം വീണ് ചുറ്റുമതിലിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. വഴിയാത്രക്കാർക്കോ വാഹന യാത്രക്കാർക്കോ പരിക്കൊന്നുമുണ്ടായിട്ടില്ല. വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
മഴവെള്ളം നീക്കം ചെയ്യുന്നതിന് നടപടി
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മൂലമുണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് അറിയിച്ചു.
വെള്ളക്കെട്ട് രൂപപ്പെട്ട ഏരിയകൾ സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സമുണ്ടാകുന്നത് ഒഴിവാക്കാനും നടപടി സ്വീകരിച്ചു. കാനൂ ഇന്റർനാഷനൽ സ്കൂളിന് സമീപമുള്ള ശൈഖ് സൽമാൻ റോഡ്, മഖ്സൂറ സിഗ്നലിന് സമീപമുള്ള നാഷനൽ റഫറണ്ടം റോഡും മന്ത്രിയും സംഘവും സന്ദർശിച്ചു. പൊതുമരാമത്ത് വിഭാഗം അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫയും മന്ത്രിയെ അനുഗമിച്ചിരുന്നു.
കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണം
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തതിനാൽ കടലിൽ പോകുന്നവർക്ക് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പുകൾക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.