സാഫി മത്സ്യം

സാഫിയുടെയും ഷേരിയുടെയും സംരക്ഷണം ഉറപ്പുവരുത്തണം

മനാമ: ബഹ്റൈന്റെ തനതായ മത്സ്യസമ്പത്തിന്റെയും മറ്റ് ജലജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് എം.പിമാർ. അമിതമായ മത്സ്യബന്ധനം, ട്രോളിങ്, ഡ്രഡ്ജിങ്, ഡ്രില്ലിങ്, നിലം നികത്തൽ പ്രവർത്തനങ്ങൾമൂലം മത്സ്യസമ്പത്തിന് കുറവുവരുന്നതായ പരാതികളെതുടർന്നാണ് ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്ന ആവശ്യമുയർന്നിരിക്കുന്നത്.

മത്സ്യസമ്പത്തിന്റെ നിലവിലെ അവസ്ഥ അറിയാൻ ബഹ്‌റൈനിലെ സമുദ്രജീവികളുടെ ഡാറ്റാബേസ് സൃഷ്ടിക്കേണ്ടതുണ്ടെന്ന് പാർലമെന്റ് നിയമനിർമാണ, നിയമകാര്യ സമിതി ചെയർമാൻ മൊഹ്‌സിൻ അൽ അസ്ബൂൽ പറയുന്നു. അമിത മത്സ്യബന്ധനം, ട്രോളിങ്, ഡ്രഡ്ജിങ്, ഡ്രില്ലിങ്, നിലം നികത്തൽ പ്രവർത്തനങ്ങൾ എന്നിവമൂലം പവിഴപ്പുറ്റുകളും വെള്ളത്തിനടിയിലുള്ള ആവാസ വ്യവസ്ഥകളും നശിക്കുന്നുണ്ട്. എന്നാൽ, ഇത് എത്രമാത്രമാണെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഈ ഡാറ്റ ലഭ്യമായെങ്കിൽ മാത്രമേ ഏതെങ്കിലും ജീവികൾ വംശനാശത്തിനടുത്താണോ എന്ന് കണ്ടെത്താൻ കഴിയൂ. സാഫി അല്ലെങ്കിൽ ഷേരിപോലുള്ള ജനപ്രിയ മത്സ്യങ്ങളുടെ പ്രജനനനിരക്ക് സംബന്ധിച്ചും സമഗ്രമായ ഡാറ്റാബേസില്ല. സാഫി ഏറെ ജനപ്രിയമാണെങ്കിലും ചില സമയങ്ങളിൽ ആവശ്യത്തിന് ലഭ്യമല്ല. ഇത് വില കുതിച്ചുയരുന്നതിനിടയാക്കുന്നു. അതുകൊണ്ട് സാഫി പിടിക്കുന്നതിൽ സീസണൽ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളാലും അവശ്യ അമിനോ ആസിഡുകളാലും സമ്പന്നമാണ് സാഫി. പാകം ചെയ്യുമ്പോൾ മാംസം ഉറച്ചുനിൽക്കും. ഏത് കറികൾക്കും അനുയോജ്യമായതിനാൽ സാഫിക്ക് ഡിമാൻഡ് ഏറെയാണ്. മറ്റു ചില മത്സ്യങ്ങൾക്കും സംരക്ഷണം ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

രാജ്യത്തെ അഞ്ച് പുതിയ തീരദേശ പട്ടണങ്ങൾക്കായി പാരിസ്ഥിതിക ആഘാത പഠനം പൂർത്തിയാക്കുമെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന അൽ റൊമൈഹി പറഞ്ഞു. പഠിക്കാനും റിപ്പോർട്ടുകൾ സമർപ്പിക്കാനും അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി പ്രത്യേക കൺസൾട്ടൻസി സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്.

എല്ലാ പാരിസ്ഥിതിക വശങ്ങളും പഠിക്കുന്നതിനോടൊപ്പം സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും പഠനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Safeguarding of Safi and Sherry must be ensured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.