മനാമ: സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗം പ്രവാസലോകത്തെയും ദുഃഖത്തിലാഴ്ത്തി. വരുന്ന ഡിസംബറിൽ ബഹ്റൈനിൽ വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ വേർപാടുണ്ടായത്. ബഹ്റൈൻ പ്രതിഭയുടെ നാൽപതാം വാർഷികാഘോഷത്തിന് മുഖ്യാതിഥിയായി അദ്ദേഹത്തെയാണ് തീരുമാനിച്ചിരുന്നത്.
അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം വരാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നതായി പ്രതിഭ രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ സുബൈർ കണ്ണൂർ പറഞ്ഞു. രാഷ്ട്രീയ ഭേദമെന്യേ എല്ലാ പ്രവാസി സംഘടനകളും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
മതേതര ജനാധിപത്യത്തിന് വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് സഖാവ് യെച്ചൂരിയുടെ നേരത്തേയുള്ള വിയോഗം മതേതര സോഷ്യലിസ്റ്റ് ചേരിക്ക് കനത്ത നഷ്ടമാണെന്ന് ബഹ്റൈൻ പ്രതിഭ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പ്രതിഭയുടെ നാല്പതാം വാർഷികത്തിന്റെ ബഹ്റൈനിലെ സമാപന വേദിയിൽ ഡിസംബർ രണ്ടാം വാരത്തിൽ അദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഈ തീരാനഷ്ടത്തിൽ പ്രതിഭ അത്യധികമായ വേദനയും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രതിഭ വർക്കിങ് സെക്രട്ടറി മഹേഷ്, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ അറിയിച്ചു.
ഉത്തമനായ കമ്യൂണിസ്റ്റും ക്രാന്തദർശിയായ നേതാവുമായിരുന്ന അദ്ദേഹം അസാധാരണമായ വ്യക്തി സൗഹൃദം കാത്തുസൂക്ഷിച്ച വിപ്ലവ നക്ഷത്രമായിരുന്നു. ഇൻഡ്യ സഖ്യത്തെ മുന്നോട്ട് നയിക്കാൻ അക്ഷീണം യത്നിച്ച മികച്ച സംഘാടകൻ.
അഖിലേന്ത്യ തലത്തിൽ ഭീതിതമായി വളർന്ന ഹിന്ദു തീവ്രവാദ രാഷ്ടീയത്തിന് കടിഞ്ഞാണിടാൻ മറ്റിതര ജനാധിപത്യ മതേതര പാർട്ടികളെ ചേർത്തുനിർത്തിക്കൊണ്ട് സഖാവ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിന് കീഴിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് കഴിഞ്ഞു.
വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പൊതുമണ്ഡലത്തിലേക്ക് കടന്നുവന്ന സീതാറാമിനെ 1975 ലെ അടിയന്തരാവസ്ഥ കാലത്ത് അതിനെതിരെ അണിനിരന്നതിന് ജവർഹർലാൽ നെഹ്റു സർവകലാശാല കാമ്പസിൽ നിന്ന് അറസ്റ്റ് ചെയ്ത് രണ്ടു വർഷം ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാർ തുറങ്കിലടച്ച കാര്യവും പ്രതിഭ അനുസ്മരിച്ചു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ എല്ലാ ഇടതു ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടം തന്നെയാണെന്ന് നവകേരള. ഫാഷിസ്റ്റുകൾക്കും മൂലധനശക്തികൾക്കുമെതിരെ എന്നും അചഞ്ചലമായ പോരാട്ടം നയിച്ച യെച്ചൂരി സംഘ്പരിവാർ പ്രത്യയശാസ്ത്രത്തെ നഖശിഖാന്തം എതിർത്ത ജനനേതാവായിരുന്നു.
രാജ്യത്തെ മുഖ്യധാരാ ജനാധിപത്യ - മതേതര പ്രസ്ഥാനങ്ങളെ ഇടതുപക്ഷ കക്ഷികളുമായി കണ്ണി ചേർക്കുന്നതിൽ യെച്ചൂരി നിർവഹിച്ച നേതൃപരമായ പങ്ക് നിർണായകമായിരുന്നു. വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് സുബൈർ കണ്ണൂർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ - മതേതര പ്രസ്ഥാനങ്ങളെ ഇടതുപക്ഷവുമായി ചേർത്തുനിർത്താനും ഇന്ത്യൻ മതേതരത്വം സംരക്ഷിച്ചുനിർത്താനും അദ്ദേഹം വഹിച്ച പങ്ക് നിർണായകമായിരുന്നു. 1999 മുതൽ അദ്ദേഹവുമായി അടുപ്പമുണ്ട്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ വെച്ച് ബന്ധം പുതുക്കാനും സാധിച്ചിരുന്നു.
എല്ലാ ജി.സി.സി രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും ബഹ്റൈനിൽ വന്നിരുന്നില്ല. ബഹ്റൈൻ പ്രതിഭ വാർഷികത്തിന് അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചതാണ്. വ്യക്തിപരമായും സംഘടനപരമായും വലിയ നഷ്ടമാണ് സംഭവിച്ചത്. നിര്യാണത്തിൽ അനുശോചിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞു.
ആഗോളവത്കരണത്തിലും ഇടതുപക്ഷ സോഷ്യലിസ്റ്റ് ചിന്താഗതികൾക്ക് ഊന്നൽ നൽകിയ രാഷ്ട്രീയ നേതാവായിരുന്നു യെച്ചൂരിയെന്ന് സാമൂഹികപ്രവർത്തകൻ എബ്രഹാം ജോൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിന് അനിവാര്യമായ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയ സമരങ്ങളിലും സജീവമായി പങ്കെടുത്തിട്ടുള്ള ദേശീയ നേതാവ്.
പതിറ്റാണ്ടുകളുടെ പരിചയസമ്പന്നനായ നേതാവാണ് വിട പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ ചിന്താഗതിയിലുള്ള വ്യത്യസ്തതയിലും സൗഹൃദം നിലനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ പോരാട്ടം തന്റെ മുഖമുദ്രയായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് യു.പി.എയെ തുടർന്ന് നിലവിലുള്ള ഇൻഡ്യ മുന്നണിയുടെ രൂപവത്കരണമെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും പറഞ്ഞു.
നിലപാട് കൊണ്ടും പ്രവർത്തനം കൊണ്ടും സ്വീകാര്യത നേടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു യെച്ചൂരിയെന്ന് ഐ.വൈ.സി.സി നേതാവ് അനസ് റഹിം. വർഗീയ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകീകരണമുണ്ടാക്കി ഇൻഡ്യ മുന്നണി രൂപവത്കരിക്കാൻ നേതൃത്വം കൊടുത്ത നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണം ഇന്ത്യൻ ജനാധിപത്യത്തിന് തീരാനഷ്ടമാണ്. ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കുറിപ്പിൽ പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സൗമ്യതയുടെ മുഖമായിരുന്നു സീതാറാം യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ വിയോഗം ജനാധിപത്യ - മതേതര ശക്തികൾക്ക് തീരാനഷ്ടമാണെന്നും ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അനുസ്മരിച്ചു. രാജ്യത്തെ വർഗീയ ശക്തികളോട് സന്ധിയില്ലാത്ത നിലപാടെടുത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. യഥാർഥ കമ്യൂണിസ്റ്റുകാരനായി ജീവിച്ചു, മരിച്ച വ്യക്തിയായിരുന്നു സീതാറാം യെച്ചൂരി.
സി.പി.എം ജനറൽ സെക്രട്ടറിയും രാജ്യത്തെ പ്രമുഖ ഇടതുപക്ഷ നേതാവുമായ സീതാറാം യെച്ചൂരിയുടെ വിയോഗം മതേതര ഇന്ത്യക്ക് തീരാ നഷ്ടമാണെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു.
രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ വർഗീയവത്കരിക്കപ്പെട്ട കാലഘട്ടത്തിൽ യെച്ചൂരിയെ പോലെയുള്ള നേതാക്കളുടെ വിയോഗം രാജ്യത്തിനുതന്നെ തീരാനഷ്ടമാണ്. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഗവൺമെന്റിന്റെ രൂപവത്കരണവും തുടർന്ന് പത്തുവർഷം ആ ഗവൺമെന്റിന്റെ നിലനിൽപിനും സീതാറാം യെച്ചൂരിയുടെ ഇടപെടലുകൾ സഹായകമായിട്ടുണ്ട്.
സീതാറാം യെച്ചൂരിയുടെ വിയോഗം രാജ്യത്തെ ജനാധിപത്യ-മതേതര ശക്തികൾക്ക് തീരാനഷ്ടമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു. നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വർഗീയമായി രാജ്യത്തെ ജനങ്ങളെ വേർതിരിച്ചുകാണുന്ന ഭരണാധികാരികളാണ്. അതിനെതിരെ ജനാധിപത്യ-മതേതര ശക്തികളെ ഒന്നിപ്പിക്കാനും രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താനും ശക്തമായ ഇടപെടൽ നടത്തിയ നേതാവാണ് സീതാറാം യെച്ചൂരി.
രാഹുൽ ഗാന്ധിയോടൊപ്പം ഇന്ത്യ മുന്നണി രൂപവത്കരിക്കാനും അതിന്റെ പ്രവർത്തനം വിപുലീകരിക്കാനും നേതൃപരമായ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ആഴമായി പഠിക്കാനും അത് നിലനിർത്താനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മൂലം സാധിച്ചെന്നും ബിനു കുന്നന്താനം അനുസ്മരിച്ചു.
ഇന്ത്യന്‍ ഇടതു പക്ഷത്തിന്റെ ശക്തനായ നേതാവും ഇൻഡ്യ മുന്നണിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ ബഹ്റൈന്‍ ഒ.എന്‍.സി.പി കനത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. എസ്.എഫ്.ഐയില്‍ തുടങ്ങിയ പോരാട്ടവീര്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവായിട്ടും വീറോടെ തന്നെ കാത്തുസൂക്ഷിക്കുന്ന ശക്തനായ നേതാവായിരുന്നു യെച്ചൂരി.
വർഗീയതക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവലാളായും കര്‍ഷക സമരങ്ങളുടെ ആവേശമായും എന്നും മുന്‍പന്തിയില്‍ നിലകൊണ്ട അദ്ദേഹത്തിന്റെ വിയോഗം ഇൻഡ്യ മൂന്നണിക്കും ഇടതു മുന്നണിക്കും ഒരിക്കലും നികത്താന്‍ പറ്റാത്ത തീരാ നഷ്ടമാണെന്നും ഒ.എന്‍.സി.പി ബഹ്റൈന്‍ പ്രസിഡന്റ് എഫ്.എം. ഫൈസല്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അന്തരിച്ച സി.പി.എം നേതാവ് സീതാറാം യെച്ചൂരി മതേതര ചേരിക്ക് കരുത്തുപകർന്ന നേതാവായിരുന്നുവെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. 2004ല്‍ ഒന്നാം യു.പി.എ സര്‍ക്കാറിന്റെ രൂപവത്കരണത്തിലും സുര്‍ജിത്തിനൊപ്പം പ്രധാന പങ്കുവഹിച്ചു.
യു.പി.എ സര്‍ക്കാറിന്റെ പൊതുമിനിമം പരിപാടിക്ക് രൂപം നല്കിയ സമിതിയിൽ അംഗമായിരുന്ന അദ്ദേഹം ആണവ കരാര്‍ വിഷയത്തില്‍ സര്‍ക്കാറും ഇടതുപാര്‍ട്ടികളും തമ്മില്‍ രൂപവത്കരിച്ച ഏകോപന സമിതിയിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇൻഡ്യ സഖ്യം രൂപവത്കരിക്കുന്നതിലും അതിന്റെ നേതൃനിരയിലും സജീവ ഇടപെടലാണ് നടത്തിയത്. അദ്ദേഹത്തിന്റെ വേർപാട് മതേതര ചേരിക്കുണ്ടായ കനത്ത നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര ചേരിയിലെ കരുത്തുറ്റ ശബ്ദമായ സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭാവം രാജ്യത്തിന് വലിയ വിടവായിരിക്കുമെന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്യത്ത് വളർന്നുവരുന്ന ഫാഷിസത്തിനെതിരെ മതേതര ചേരിയായ ഇൻഡ്യ മുന്നണിക്ക് രൂപം നൽകിയവരിൽ നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹം സാമൂഹിക നീതിക്കൊപ്പം എല്ലാക്കാലവും നിലകൊണ്ടു.
ഇന്ത്യൻ സാമൂഹിക വിഷയങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിച്ച മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട യെച്ചൂരിക്ക് പ്രവാസി വെൽഫെയർ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രായോഗികതയും യാഥാർഥ്യബോധവും അറിവും തിരിച്ചറിവും കഴിവും നന്മയുമുള്ള ഒരു നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് സോവിച്ചൻ ചേന്നാട്ടൂശ്ശേരി. സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ദുഃഖവും ആദരാഞ്ജലികളും അർപ്പിക്കുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.