മനാമ: തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റി മികച്ച സംരംഭകരെ ആദരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്ക് കീഴിലാണ് അവാർഡ് ദാനച്ചടങ്ങ് നടക്കുക.
ആദ്യവിഭാഗത്തിൽ ശാസ്ത്ര, സാങ്കേതിക, എൻജിനീയറിങ്, കായിക മേഖലകളിൽ മികവ് തെളിയിച്ച സ്ത്രീകൾക്ക് അവാർഡ് നൽകും. രണ്ടാം വിഭാഗത്തിൽ വളർച്ച നേടിക്കൊണ്ടിരിക്കുന്ന മികച്ച കമ്പനിക്കാണ് അവാർഡ്. മൂന്നോ അതിലധികമോ വർഷമായി ബഹ്റൈനിൽ പ്രവർത്തിക്കുന്നതും മികച്ച വളർച്ച കൈവരിക്കുന്നതുമായ സ്ഥാപനങ്ങളെയാണ് അവാർഡിന് തെരഞ്ഞെടുക്കുക.
മൂന്നാം വിഭാഗത്തിൽ മികച്ച സംരംഭകനായിരിക്കും അവാർഡ്. ബിസിനസ് മേഖലയിൽ കഴിവും പ്രാപ്തിയുമുള്ള, അഞ്ചു വർഷമെങ്കിലും പ്രാഗല്ഭ്യം തെളിയിച്ച ഉന്നത കാഴ്ചപ്പാടുള്ളവരെയാണ് ഇതിലേക്ക് പരിഗണിക്കുക.
ഈ വർഷത്തെ ഏറ്റവും മികച്ച കണ്ടുപിടിത്തത്തിനും സാങ്കേതികവിദ്യക്കും അവാർഡ് നൽകും. ഈ രംഗത്ത് പ്രവർത്തിക്കുന്ന മികവുറ്റ കമ്പനികൾക്ക് മാറ്റുരക്കാനാണ് അവസരം നൽകുന്നത്. മാർച്ച് 28ന് മുമ്പായി അവാർഡിനുള്ള അപേക്ഷകൾ സമർപ്പിക്കണം. ഏപ്രിൽ 15ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവിന്റെ സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിക്കും. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ലക്ഷ്യങ്ങൾ നേടുന്നതിന് സഹായകമായാണ് അവാർഡുകൾ പ്രഖ്യാപിച്ചതെന്ന് തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റി പ്രസിഡന്റ് മുകേഷ് കവലാനി അറിയിച്ചു.
eawards24@meoutofthebox.com എന്ന മെയിലിൽ അവാർഡിന് അപേക്ഷ നൽകാം. അപേക്ഷകന്റെ മുഴുവൻ പേര്, പങ്കെടുക്കുന്ന വിഭാഗം, സി.ആർ കോപ്പി, 100 വാക്കുകളിൽ കവിയാതെ പ്രവർത്തനമേഖലയെക്കുറിച്ച വിശദീകരണം എന്നിവയാണ് അപേക്ഷയോടൊപ്പമുണ്ടായിരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.