മനാമ: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ സ്ഥിതിചെയ്യുന്ന കൊച്ചുഗ്രാമമാണ് വെളിയംകോട്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും വടക്ക് പുതു പൊന്നാനി പുഴയും അതിരിടുന്ന മനോഹര നാട്. ഇൗ നാട്ടിൽനിന്ന് ബഹ്റൈൻ എന്ന പവിഴദ്വീപിൽ ജീവിതസൗഭാഗ്യങ്ങൾക്ക് നിറംപകരാൻ എത്തിയവരുടെ കൂട്ടായ്മയാണ് 'വെളിച്ചം വെളിയംകോട് ബഹ്റൈൻ'.
മഹാനായ സ്വാതന്ത്ര്യസമര സേനാനി ഉമർ കാസിയുടെ നാട്ടുകാരായ വെളിയംകോട് സ്വദേശികളുടെ ബഹ്റൈൻ പ്രവാസബന്ധം ആരംഭിച്ചിട്ട് ഏകദേശം ആറുപതിറ്റാണ്ടുകൾ പിന്നിട്ടു.
പഴയതലമുറയിലെ പ്രമുഖരായ വെളിയംകോട്ടുകാർ തുടങ്ങിവെച്ച ജീവകാരുണ്യമേഖലയിലെ പ്രവർത്തനങ്ങൾ ഇന്നും വെളിച്ചം വെളിയംകോടിലൂടെ തുടർന്നുകൊണ്ടിരിക്കുന്നു. നൂറിലേറെ കൗൺസിലർ അംഗങ്ങളും 23 എക്സിക്യൂട്ടിവ് അംഗങ്ങളുമുള്ള കൂട്ടായ്മ രൂപവത്കരിച്ചിട്ട് ഇപ്പോൾ ഏഴുവർഷം കഴിഞ്ഞു. ചികിത്സ, ഭവനനിർമാണം, വിദ്യാഭ്യാസം, പ്രവാസി യാത്രസഹായം, പാലിയേറ്റിവ് സെൻറർ സഹായം, റമദാൻ ചാരിറ്റി, രക്തദാനം, കിറ്റ് വിതരണം തുടങ്ങിയ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ബഹ്റൈനിലെ വിവിധ മേഖലകളിലും നാട്ടിലും ഇതിനകം പൂർത്തിയാക്കി.
ബഷീർ അമ്പലായി (രക്ഷാധികാരി), ഷമീർ ബാവ (പ്രസിഡൻറ്), ബഷീർ ആലൂർ (ജന. സെക്ര),ടി.എ. ഇസ്മത്തുല്ല (ട്രഷ) എന്നിവരാണ് നിലവിലെ ഭാരവാഹികൾ.കോവിഡിെൻറ മഹാദുരിതത്തിനിടയിലും ജോലിക്കിടയിൽ ലഭിക്കുന്ന ഒഴിവുസമയങ്ങളിൽ പ്രയാസം അനുഭവിക്കുന്ന സാധാരണക്കാരിലേക്ക് സഹായം എത്തിക്കാൻ സജീവമായി രംഗത്തിറങ്ങുകയാണ് ഇൗ കൂട്ടായ്മ.
പ്രവാസികൾക്ക് നാട് ഒരു വികാരമാണ്. കാതങ്ങൾ അകലെയാണെങ്കിലും നാടിനെ നെഞ്ചോട് ചേർക്കുന്നവരാണ് അവർ. പിറന്ന നാടിെൻറ പേരിൽ കൂട്ടായ്മകളുണ്ടാക്കി പ്രവാസ ലോകത്തും അവർ നാടിനെ സ്നേഹിക്കുന്നു. ഇങ്ങനെ വിവിധ നാട്ടുകാരുടെ കൂട്ടായ്മകൾ ബഹ്റൈനിലും സജീവമാണ്. അത്തരം കൂട്ടായ്മകളെ പരിചയപ്പെടുത്തുകയാണ് ഇൗ കോളത്തിൽ. നിങ്ങളുടെ കൂട്ടായ്മയേയും പരിചയപ്പെടുത്തണ്ടേ? വിവരങ്ങൾ അയക്കാം, 39203865 എന്ന വാട്സ് ആപ് നമ്പറിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.