മനാമ: പഴയ ഫോൺ മാറ്റി പുതിയ ഫോണിൽ ബെനഫിറ്റ്പേ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ഇനി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം പഴയ ഫോണിൽനിന്ന് ബെനഫിറ്റ്പേ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യണം.
എങ്കിൽ മാത്രമേ പുതിയ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കൂ. ഓൺലൈൻ തട്ടിപ്പുകാർ വലവീശിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സുരക്ഷ മുന്നിൽകണ്ടാണ് ബെനഫിറ്റ്പേ പുതിയ സംവിധാനം നടപ്പാക്കുന്നത്.
അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാൻ പഴയ ഫോണിലെ ബെനഫിറ്റ്പേ ഓപൺ ചെയ്ത് സെറ്റിങ്സിൽ ഡീആക്ടിവേറ്റ് ഫീച്ചർ തെരഞ്ഞെടുക്കണം. പഴയ ഫോൺ കൈവശമില്ലെങ്കിലോ അല്ലെങ്കിൽ ഫോർമാറ്റ് ചെയ്തതാണെങ്കിലോ സീഫ് ഡിസ്ട്രിക്ടിലെ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്സിലുള്ള കസ്റ്റമർ സർവിസ് സെന്ററിൽ നേരിട്ട് ചെല്ലണം.
കസ്റ്റമറുടെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് നൽകും. പഴയ ഫോണിലെ ബെനഫിറ്റ്പേ അക്കൗണ്ട് മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.
ഉപയോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതിന് കമ്പനി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണ് പുതിയ സംവിധാനമെന്ന് ബെനഫിറ്റ് ബിസിനസ് ഡെവലപ്മെന്റ് ആന്റ് സർവിസസ് ഡിപ്പാർട്മെന്റ് തലവൻ അഹ്മദ് അൽമഹ്റി പറഞ്ഞു. സാമ്പത്തിക ഇടപാടുകളുടെ സുരക്ഷിത്വം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെനഫിറ്റ് കമ്പനിയിൽനിന്ന് ആരും ഉപയോക്താക്കളെ ഫോണിൽ വിളിച്ച് പാസ്വേഡ്, ഒ.ടി.പി, കസ്റ്റമറുടെ വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ ചോദിക്കില്ലെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഈ വിവരങ്ങൾ ചോദിച്ച് ആരെങ്കിലും വിളിച്ചാൽ അത് തട്ടിപ്പിനുള്ള ശ്രമമാണെന്ന് തിരിച്ചറിയണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.