ആർട്സ് ക്ലബ്
ബഹ്റൈനിലെ പ്രവാസി മലയാളികളുടെ രചനകൾ (ലേഖനം, അനുഭവക്കുറിപ്പുകൾ, കവിത, ചെറുകഥ, വരകൾ, യാത്രാവിവരണം തുടങ്ങിയവ) പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമാണ് ആർട്സ് ക്ലബ്. രചനകൾ അയക്കേണ്ട വിലാസം- bahrain@gulfmadhyamam.net
അന്താരാഷ്ട്ര വനിത ദിനം ആഘോഷിക്കുമ്പോള്‍, സ്ത്രീകളുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കുമുള്ള വിവിധങ്ങളായ ശ്രമങ്ങളോടൊപ്പം അവരുടെ ആരോഗ്യസംരക്ഷണം കൂടി പ്രധാനമായി പരിഗണിക്കേണ്ടതുണ്ട്. സ്ത്രീകള്‍ നിരവധി ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അതില്‍ ഏറ്റവും വിനാശകരവും വ്യാപകവുമായ ഒന്നാണ് സ്തനാര്‍ബുദം. ഇത് ഗൗരവമായി കാണേണ്ടതാണെങ്കിലും ഇന്ന് നിലവിലുള്ള സ്ക്രീനിങ് സംരംഭങ്ങളിലൂടെയും പതിവ് ഗൈനക്കോളജിക്കല്‍ പരിശോധനകളിലൂടെയും രോഗം നേരത്തേതന്നെ കണ്ടുപിടിക്കാനും പരിപൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താനും കഴിയും.
സ്തനാര്‍ബുദം എല്ലാ രാജ്യങ്ങളിലുമുള്ള, എല്ലാ പ്രായത്തിലും, പശ്ചാത്തലത്തിലും, സാമൂഹിക തലത്തിലുമുള്ള സ്ത്രീകളെ ബാധിക്കുന്ന രോഗമാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) സമീപകാല സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, സ്തനാര്‍ബുദ കേസുകള്‍ ആഗോള തലത്തില്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്. 2020ല്‍ മാത്രം 2.3 ദശലക്ഷം സ്ത്രീകള്‍ക്കുമാത്രം രോഗം സ്ഥിരീകരിച്ചിരുന്നു. 685,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ലോകത്തില്‍ ഏറ്റവും വ്യാപകമായി ആളുകളെ ബാധിക്കുന്ന അര്‍ബുദമായി ഇത് മാറിയിട്ടുണ്ട്. ചെറിയ ശതമാനമാണെങ്കില്പോലും പുരുഷന്മാരെയും സ്തനാര്‍ബുദം ബാധിക്കാറുണ്ട്. 0.5-1ശതമാനത്തിനിടക്കാണ് പുരുഷന്മാരിലെ സ്തനാര്‍ബുദത്തിന്റെ വ്യാപ്തി. സ്ത്രീകള്‍ക്കുള്ള അതേ ചികിത്സ തന്നെയാണ് പുരുഷ സ്തനാര്‍ബുദ കേസുകളിലും പിന്തുടരുന്നത് (WHO, 2023).
നേരത്തേ രോഗം കണ്ടെത്തുന്നത് സ്തനാര്‍ബുദ ചികിത്സയില്‍ ഗണ്യമായ പ്രയോജനം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നിശ്ചിത ഇടവേളയിലുള്ള പരിശോധനകള്‍വഴി ഇത് സാധ്യമാക്കാം. നാല്പതിനും അറുപതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നത് രോഗമുക്തിക്കുള്ള സാഹചര്യം വര്‍ധിപ്പിക്കും. എന്നാല്‍, മധ്യവയസ്കരായ സ്ത്രീകളിലെ സ്തനാര്‍ബുദ പരിശോധന വേണ്ടവിധം നടക്കുന്നില്ലെന്നത് ഒരു പ്രശ്നമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഓരോ ആറ് മാസത്തിലും സ്ക്രീനിങ് നടത്തുന്നത് രോഗം നേരത്തേ കണ്ടെത്താന്‍ സഹായകരമാകും.
മാനസികവും വൈകാരികവുമായ പല തടസ്സങ്ങളും സ്ക്രീനിങ്ങിന് വിധേയമാകുന്നതില്‍നിന്ന് സ്ത്രീകളെ തടസ്സപ്പെടുത്തുന്നുണ്ട്. സ്തനാര്‍ബുദ പരിശോധനയെ ചുറ്റിപ്പറ്റി ഭയവും ആശങ്കകളും പലര്‍ക്കുമുണ്ട്. സ്ക്രീനിങ് പ്രക്രിയയെക്കുറിച്ചുള്ള അവബോധമില്ലായ്മയും മറ്റ് തെറ്റിദ്ധാരണകളും നേരത്തെയുള്ള രോഗനിർണയത്തിന് തടസ്സമാണ്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെ ആരും ഈ വിഷയം ഗൗരവമായി എടുക്കാറില്ല. സ്ക്രീനിങ്ങിന് വിധേയരാകാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് കുടുംബത്തിന്റെ പിന്തുണ. മാത്രമല്ല സാമ്പത്തികമായ ഘടകങ്ങളും നേരത്തേയുള്ള രോഗനിർണയത്തിന് തടസ്സമാകാറുണ്ട്.
സ്തനാര്‍ബുദ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് ഗൈനക്കോളജിസ്റ്റുകളുടെയും പ്രൈമറി കെയര്‍ ഫിസിഷ്യന്മാരുടെയും പങ്ക് പ്രധാനമാണെന്നും പഠനം അടിവരയിടുന്നു. വൈകാരികമായ ഉത്കണ്ഠ്കളെ അഭിസംബോധന ചെയ്യുന്നതിലൂടെ സ്ക്രീനിങ് പ്രക്രിയ സുഗമമാക്കാന്‍ കഴിയും. സ്ക്രീനിങ് ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ മെഡിക്കല്‍ പ്രഫഷനലുകള്‍ക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്.
സ്തനാര്‍ബുദ പരിശോധന സംബന്ധിച്ച മനോഭാവം മെച്ചപ്പെടേണ്ടതിന്റെയും സമഗ്രമായ സമീപനത്തിന്റെയും ആവശ്യകത പഠനം അടിവരയിടുന്നു. അവബോധം, വിദ്യാഭ്യാസം, വൈകാരിക പിന്തുണ, കമ്യൂണിറ്റി ഇടപെടല്‍ എന്നിവയെ സംയോജിപ്പിക്കുന്നതിലൂടെ, തടസ്സങ്ങള്‍ ഇല്ലാതാക്കാനും ആരോഗ്യത്തിന് മുന്‍ഗണന നല്കാന് സ്ത്രീകളെ സജ്ജരാക്കാനും കഴിയും.
അന്താരാഷ്ട്ര വനിത ദിനാചരണം അതിനുള്ള അവസരമായി മാറണം. സ്ക്രീനിങ്ങുകള്‍ക്കായി സജ്ജരാകാനും ആരോഗ്യപ്രവര്‍ത്തകരുമായി തുറന്ന ആശയവിനിമയം നടത്താനും സ്ത്രീകള്‍ക്ക് കഴിയുന്നതിലൂടെ ആരോഗ്യപരമായി അവരെ ശാക്തീകരിക്കാന്‍ കഴിയും. നേരത്തേയുള്ള രോഗനിര്‍ണയത്തിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ആരോഗ്യജീവിതത്തിന് അവസരമായി ഈ വനിത ദിനാചരണ വേള മാറട്ടെ.
ഹെല്‍സ ആന്‍ ജോര്‍ജ്...
എം.എസ്സി (ക്ലിനിക്കല്‍ സൈക്കോ ഓങ്കോളജി) ക്രൈസ്റ്റ് യൂനിവേഴ്സിറ്റി, ബംഗളൂരു
കവിത
നൊമ്പരം
പകലന്തിയോളം
പണിയെടുത്തു പല
നാളായി ചേർത്തുവെച്ച്
സ്വപ്ന സൗധം പണിയും
ജീവിത നൗക തുഴഞ്ഞു
പകരക്കാർ ആരുമില്ലാതെ
വിയർപ്പിൻ ഉപ്പും എൻ
ചുടുനിശ്വാസവും ആരറിഞ്ഞു
ഒരുനാൾ ഞാൻ പോയിടും
മരണത്തിൻ ഓരത്തായ് ഒറ്റക്ക്
ഞാൻ ചേർത്തുവെച്ചത്
ഒന്നും അന്ന് കൊണ്ടുപോവുകയില്ല
എൻ ശ്വാസം നിലക്കാൻ
തുടങ്ങുമ്പോഴും
എൻ മിഴികൾ നിറഞ്ഞീടും
എൻ ഹൃദയം വിതുമ്പും
രമ്യ മിത്രപുരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.