ഞായറാഴ്ചത്തെ എയര്‍ ഇന്ത്യ എക്സ്പ്രസിലെ  യാത്രക്കാരില്‍ മിക്കവര്‍ക്കും ലഗേജ് ലഭിച്ചില്ല

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കുവൈത്തിലേക്ക് യാത്ര ചെയ്തവരില്‍ മിക്കവര്‍ക്കും ലഗേജ് ലഭിച്ചില്ളെന്ന് പരാതി. ഞായറാഴ്ചത്തെ കോഴിക്കോട്-കുവൈത്ത് ഐ.എക്സ് 393 വിമാനത്തില്‍ എത്തിയവരാണ് ലഗേജ് കിട്ടാതെ ബുദ്ധിമുട്ടിയത്. മുക്കാല്‍ ഭാഗം യാത്രക്കാര്‍ക്കും ലഗേജ് കിട്ടിയിട്ടില്ല. കുവൈത്ത് വിമാനത്താവളത്തിലെ ലഗേജ് ഹാന്‍റ്ലിങ് ഉത്തരവാദിത്തമുള്ള കുവൈത്ത് എയര്‍വെയ്സ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ തിങ്കളാഴ്ച രാത്രിയോടെ ലഗേജ് ലഭിക്കുമെന്നാണ് പറഞ്ഞതെന്ന് യാത്രക്കാരിലൊരാള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കുവൈത്ത്-കോഴിക്കോട് വിമാനത്തിലെ യാത്രക്കാര്‍ക്കും ലഗേജ് കിട്ടാത്ത അവസ്ഥയുണ്ടായതായി വിവരമുണ്ട്. എയര്‍ ഇന്ത്യ അധികൃതരെ സമീപിച്ചപ്പോള്‍ ആവശ്യമായ വിശദീകരണം നല്‍കാതെ കൈമലര്‍ത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സമീപകാലത്തായി കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസില്‍ ലഗേജ് കിട്ടാത്ത സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം ജീവനക്കാര്‍ സ്വീകരിക്കുന്ന മെല്ളെപ്പോക്ക് നയംമൂലമാണിതെന്നാണ് അറിയാനായത്. ലഗേജ് വിമാനത്തിലേക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്നതില്‍ ഇവര്‍ കാണിക്കുന്ന അനാസ്ഥ യാണ് ലഗേജ് ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നത്. ഇതോടൊപ്പം, ലഗേജ് കിട്ടാതിരിക്കുമ്പോള്‍ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ വിശദീകരണംപോലും ലഭിക്കാത്തത് പ്രയാസം ഇരട്ടിയാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.