വിമാനത്താവളത്തിലെ  തിരക്ക് കുറക്കുമെന്ന്  ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: മധ്യവേനലും റമദാനും ഒരുമിച്ച് എത്തിയതോടെ വിമാനത്താവളത്തില്‍ പുതുതായി രൂപപ്പെട്ട യാത്രക്കാരുടെ തിരക്ക് കുറക്കാന്‍ വിവിധ നടപടികള്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഡിപ്പാര്‍ച്ചര്‍ കൗണ്ടറുകളുടെ എണ്ണം നിലവിലെ 12ല്‍നിന്ന് 22 ആയും അറൈവല്‍ കൗണ്ടറുകളുടെ എണ്ണം നിലവിലെ 10ല്‍നിന്ന് 20 ആയും ഉര്‍ത്തും. 
കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് ഇവയെ പ്രധാന കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. എല്ലാ കൗണ്ടറുകളിലും യാത്രക്കാരുടെ ലഗേജുകളും ഹാന്‍ഡ്ബാഗുകളും പരിശോധിച്ച് ഭാരം കണക്കാക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കും. ജി.സി.സി പൗരന്മാര്‍ക്കും വിദേശ രാജ്യക്കാര്‍ക്കും വെവ്വേറെ കൗണ്ടറുകള്‍ എന്നത് നിലവിലുള്ളതുപോലെ തുടരും. അതോടൊപ്പം, യാത്രക്കാരുടെ ദേഹപരിശോധനക്കും അവരുടെ ഹാന്‍ഡ് ബാഗുകളുടെ പരിശോധനക്കുമുള്ള മെഷീനുകളുടെ എണ്ണം വര്‍ധിപ്പിക്കും. സ്വദേശി വീടുകളിലേക്ക് പുതുതായി എത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ഫ്രിങ്കര്‍ പ്രിന്‍റ് എടുക്കുന്നതുള്‍പ്പെടെ നടപടികള്‍ വ്യവസ്ഥാപിതമാക്കും. അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ സുരക്ഷാ ക്രമീകരണം കാരണം തിരക്ക് കൂടിയതായ വാര്‍ത്ത ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. ചില പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമാണ് അടിസ്ഥാനമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.