കുവൈത്ത് വിമാനത്താവളവും തുറമുഖങ്ങളും സ്വകാര്യവത്കരിക്കാന്‍ ആലോചന

കുവൈത്ത് സിറ്റി: രാജ്യത്തെ വിമാനത്താവളവും തുറമുഖങ്ങളും സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തെ യാത്രാ, ചരക്കുനീക്കത്തിന്‍െറ പ്രധാനകേന്ദ്രങ്ങളായ ഇവക്ക് പുതുജീവനും പുതുപ്രതിച്ഛായയും നല്‍കേണ്ടത് രാജ്യത്തിന്‍െറ വികസനത്തിനും പുരോഗതിക്കും അനിവാര്യമായിവന്നിരിക്കുകയാണെന്നും സ്വകാര്യവത്കരണത്തിന് അനുസൃതമായ നിയമനിര്‍മാണ നടപടികള്‍ക്ക് തുടക്കമിട്ടതായും ഗതാഗത വകുപ്പിന്‍െറ ചുമതലയുള്ള വാണിജ്യ-വ്യവസായ മന്ത്രി യൂസുഫ് അല്‍അലി അറിയിച്ചു. വിമാനത്താവളത്തിന്‍െയും തുറമുഖങ്ങളുടെയും ഉടമസ്ഥാവകാശം സര്‍ക്കാറില്‍തന്നെ നിലനിര്‍ത്തി നടത്തിപ്പ് മാത്രം സ്വകാര്യകമ്പനികളെ ഏല്‍പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ നിയമപ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വകാര്യവത്കരിക്കുക സാധ്യമല്ല. 
ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേയ്സ് സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തില്‍തന്നെ ഇക്കാര്യത്തിലുള്ള പ്രയാസം സര്‍ക്കാറിന് ബോധ്യപ്പെട്ടതാണ്. അതിനാലാണ് ഉടമസ്ഥാവകാശം സര്‍ക്കാറില്‍ നിലനിര്‍ത്തി നടത്തിപ്പ് സ്വകാര്യവത്കരിക്കാന്‍ സാധ്യത തേടുന്നത്. നിയമനിര്‍മാണത്തിലൂടെ ഇത് നടപ്പാക്കാനാവുമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ. സര്‍ക്കാര്‍ നീക്കം പ്രായോഗികമായാല്‍ കുവൈത്തില്‍തന്നെയുള്ള പ്രമുഖ സ്വകാര്യ കമ്പനികള്‍ ഇതിനായി മുന്നോട്ടുവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോജിസ്റ്റിക് രംഗത്തെ അതികായരായ അജിലിറ്റി, കെ.ജി.എല്‍ എന്നിവയും രാജ്യത്തെ ഏക സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയര്‍വേയ്സ് എന്നിവക്കും ഇതില്‍ താല്‍പര്യമുണ്ടാവാന്‍ സാധ്യതയുള്ളതായി കവൈത്ത് ഗള്‍ഫ് ഗ്രൂപ് ഫോര്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഇക്കണോമിക് കണ്‍സള്‍ട്ടിങ് ചെയര്‍മാന്‍ മുസ്തഫ ബഹ്ബഹാനി അഭിപ്രായപ്പെട്ടു. അജിലിറ്റിക്കും കെ.ജി.എല്ലിനും വിദേശങ്ങളില്‍ ഇത്തരം സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്തി പരിചയമുണ്ടെന്നും ജസീറ എയര്‍വേയ്സ് ഇതുപോലുള്ള അവസരത്തിന് കാത്തിരിക്കുന്ന കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.