വിമാനത്താവള സുരക്ഷ സ്വകാര്യ കമ്പനികളെ ഏല്‍പിക്കാന്‍ നീക്കം

കുവൈത്ത് സിറ്റി: ഭീകരവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാരണം ആഗോളതലത്തില്‍ രാജ്യങ്ങളുടെയും മറ്റും സുരക്ഷ ഏറെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. വിമാനത്താവളത്തിന്‍െറ സുരക്ഷാ ചുമതല അന്താരാഷ്ട്രതലത്തില്‍ പ്രഗല്ഭരായ സ്വകാര്യ കമ്പനികളെ ഏല്‍പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സുരക്ഷാ കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ സഹകരണം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്‍െറ ആദ്യപടിയായി ബ്രിട്ടീഷ് വ്യോമ സുരക്ഷാകാര്യ മേധാവിയും ഭീകരവിരുദ്ധ സ്ക്വാഡ് മേധാവിയുമായ താരിഖ് അഹ്മദ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. യാത്രക്കാരെ സ്വീകരിക്കുന്നതുമുതല്‍ സാധനങ്ങള്‍ പരിശോധിക്കുന്നതും എമിഗ്രേഷന്‍ ക്ളിയറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതും കണ്ടുമനസ്സിലാക്കിയ അദ്ദേഹം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കയറുന്നതടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.
അതിര്‍ത്തി സുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫൈസല്‍ അല്‍സിനീനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.  
 ഇരുരാജ്യങ്ങളും തമ്മില്‍ സുരക്ഷാകാര്യങ്ങളില്‍, പ്രത്യേകിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശികളും അപരിചിതരുമായ ആളുകള്‍ ഏറെ വന്നുപോയിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തിലെ സുരക്ഷ പുതിയ സാഹചര്യത്തില്‍ ഏറെ വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് ഇരുവിഭാഗവും ഇക്കാര്യത്തില്‍ യോജിപ്പിലത്തെിയത്. യാത്രക്കാരെയും സാധനങ്ങളെയും സൂക്ഷ്മമായി പരിശോധിച്ച് വിമാനത്താവളത്തില്‍ പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ആധുനിക സംവിധാനങ്ങളും നൂതനമാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്കും വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കും പൂര്‍ണ സുരക്ഷ ഏര്‍പ്പെടുത്തും. ഈ മേഖലയില്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളും പുതിയ അറിവുകളും കുവൈത്തും ബ്രിട്ടനും പരസ്പരം കൈമാറാന്‍ ധാരണയായിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.