കുവൈത്ത് സിറ്റി: കുവൈത്തിൽ 421 അംഗീകൃത ഒാൺലൈൻ മാധ്യമങ്ങൾ പ്രവർത്തിക്കുന്നതായി വാർത്താവിനിമയ മന്ത്രാലയത്തിലെ ഇലക്ട്രോണിക് മീഡിയ വിഭാഗം അറിയിച്ചു.നവംബറിൽ മാത്രം പുതിയ 22 ലൈസൻസുകൾ നൽകി. നാല് ഒാൺലൈൻ പോർട്ടലുകളുടെ ലൈസൻസ് നവംബറിൽ മന്ത്രാലയം റദ്ദാക്കി. ഒരു മാസത്തിനിടെ ഇത്രയും ലൈസൻസ് അപേക്ഷകൾ വന്നത് പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്നാണ് വിലയിരുത്തൽ. കോവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള പ്രചാരണത്തിന് പരിമിതിയുള്ളതിനാൽ ഒാൺലൈൻ സംവിധാനങ്ങളെ കാര്യമായി ആശ്രയിക്കുന്നുണ്ട്. ചില സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പോർട്ടലുകൾ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പലതിെൻറയും സജീവത നഷ്ടപ്പെടും.
വെബ്സൈറ്റുകളിലും ഇലക്ട്രോണിക്സ് മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.പോർട്ടൽ നടത്തിപ്പിന് അനുമതി ലഭിക്കാനും നിശ്ചിത മാനദണ്ഡങ്ങളുണ്ട്. രാജ്യത്ത് ഇ-മീഡിയ നിയമം പ്രാബല്യത്തിലായതിനുശേഷം ന്യൂസ് പോർട്ടലുകൾക്കും വെബ്സൈറ്റുകൾക്കും ലൈസൻസ് നേടാൻ ഒരുവർഷത്തെ സമയം അനുവദിച്ചിരുന്നു.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉടമകൾക്ക് 500 ദീനാർ മുതൽ 5000 ദീനാർ വരെ പിഴചുമത്തുകയും ചെയ്യും. കുറഞ്ഞത് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമെങ്കിലുമുള്ള 21 വയസ്സിന് മേൽ പ്രായമുള്ള സ്വദേശികൾക്ക് മാത്രമാണ് ഇലക്ട്രോണിക് മീഡിയ ലൈസൻസ് അനുവദിക്കുക. പത്തുവർഷ കാലാവധിയുള്ള ലൈസൻസിനു 500 ദീനാർ ആണ് മന്ത്രാലയത്തിൽ അടക്കേണ്ടത്.
ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇലക്ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.