കുവൈത്ത് സിറ്റി: കുവൈത്ത് വൈദ്യുതി മന്ത്രാലയം 70,000 തെരുവു വിളക്കുകൾ മാറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഊർജ ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന റോഡുകളിലെയും ഉൾപ്രദേശങ്ങളിലെയും പഴയ തെരുവു വിളക്കുകൾക്കുപകരം എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.
തെരുവുവിളക്കുകൾക്കായി ചെലവാകുന്ന ഊർജത്തിന്റെ 70 ശതമാനമെങ്കിലും ഇതിലൂടെ ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പരമ്പരാഗത വിളക്കുകളേക്കാൾ 10 മടങ്ങ് കൂടുതൽ മോടിയുള്ളതും ഊർജം ലാഭിക്കുന്നതുമാണ് പുതിയ എൽ.ഇ.ഡി ലൈറ്റുകൾ എന്ന് അധികൃതർ വ്യക്തമാക്കി. ഊർജ ഉപഭോഗം കുറച്ചുകൊണ്ടുവരാൻ അധികൃതർ ശ്രമിച്ചുവരുകയാണ്. വ്യക്തികളും സ്ഥാപനങ്ങളും ഊർജ ഉപഭോഗം കുറക്കാൻ മന്ത്രാലയം ബോധവത്കരണം നടത്തുന്നു. ഇതിനൊപ്പം ബദൽ ഊർജസ്രോതസ്സുകൾ കൂടുതലായി ഉപയോഗിക്കാനും ശ്രദ്ധിക്കുന്നു. മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുന്നോട്ടുവെച്ച 'വിഷൻ 2035' പദ്ധതിയിൽ ബദൽ ഊർജവികസനത്തിൽ പ്രധാന പരിഗണന നൽകിയിട്ടുണ്ട്. ബദൽ ഊർജ സ്രോതസ്സുകൾ യാഥാർഥ്യമായാൽ ഊർജോൽപാദനത്തിന് ഉപയോഗിക്കുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അളവ് കുറക്കാം. പുനരുപയോഗ ഊർജ പദ്ധതികളിൽ 700 കോടി ഡോളർ നിക്ഷേപിക്കാൻ കുവൈത്ത് പദ്ധതിയിടുന്നു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള അന്താരാഷ്ട്ര സമ്മർദം മൂലം ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായി ഹരിത ഊർജ മേഖലയിൽ ശ്രദ്ധ പതിപ്പിക്കാനാണ് നീക്കം. രാജ്യത്ത് ഉപയോഗിക്കുന്ന ഊർജത്തിന്റെ 15ശതമാനം 2030നകം പുനരുപയോഗ ഊർജമായിരിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായാണ് സൗരോർജ പദ്ധതിക്ക് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.