കുവൈത്ത് സിറ്റി: പ്രവാസം നൽകിയ അനുഭവങ്ങളും ഊർജവുമാണ് കഴിഞ്ഞ ദിവസം അന്തരിച്ച തൃശൂർ മതുക്കര മൂത്തേടത്ത് രാമചന്ദ്രനെ അറ്റ്ലസ് രാമചന്ദ്രനാക്കിയത്. പിന്നീട് ജീവിതത്തിന്റെ ഉയർച്ചതാഴ്ചകൾക്ക് അതേ മരുഭൂമി സാക്ഷിയായി. ഒടുക്കം നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിൽ കഴിയവേ ദുബൈയിൽ ആ ജീവിതം അവസാനിച്ചു. വ്യവസായിയും ചലച്ചിത്ര നിർമാതാവും അഭിനേതാവും എല്ലാമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസ് രംഗത്തേക്കുള്ള വളർച്ചയുടെ തുടക്കം കുവൈത്തിൽ നിന്നായിരുന്നു.
ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അറ്റ്ലസ് രാമചന്ദ്രൻ, ഡൽഹിയിൽ കനറാ ബാങ്ക് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് എസ്.ബി.ടിയിലും തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലുമെത്തി. അവിടെ ഫീൽഡ് ഓഫിസറും അക്കൗണ്ടന്റ് മാനേജറുമായും പ്രവർത്തിച്ചു.
1974ൽ കുവൈത്തിൽ എത്തുന്നതോടെയാണ് അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതത്തിന്റെ പുതുഘട്ടം ആരംഭിക്കുന്നത്.
കുവൈത്തിലെ കൊമേഴ്സ്യൽ ബാങ്കിൽ ഇന്റർനാഷനൽ ഡിവിഷന്റെ അഡ്മിനിസ്ട്രേഷൻ മാനേജറായി ഇദ്ദേഹം ചുമതലയേറ്റു. എന്നാൽ, വെറും ബാങ്ക് ജീവനക്കാരനായി തുടരാൻ അദ്ദേഹം താൽപര്യപ്പെട്ടില്ല. സ്വർണാഭരണങ്ങൾക്ക് ആവശ്യക്കാരേറെയാണെന്ന് ബോധ്യപ്പെട്ട ഇദ്ദേഹം സ്വർണ വിൽപനകേന്ദ്രത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. 1981ൽ കുവൈത്തിലെ സൂഖ് അൽ വാത്തിയയിൽ ആദ്യത്തെ ഷോറൂം തുറന്നു.
അതൊരു പുതിയ ചുവടുവെപ്പായിരുന്നു. ജ്വല്ലറി മേഖലയിലേക്കും മറ്റൊരുപാട് വ്യവസായങ്ങളിലേക്കുമുള്ള രാമചന്ദ്രന്റെ വളർച്ചയുടെ തുടക്കം. പിന്നീട് അറ്റ്ലസ് എന്നത് സ്വന്തം പേരിനൊപ്പം ചേർത്ത ഇദ്ദേഹം വലിയൊരു ബ്രാൻഡായി അതിനെ വികസിപ്പിച്ചു. 1986 ആയപ്പോഴേക്കും കുവൈത്തിലെ ജ്വല്ലറികളുടെ എണ്ണം ആറായി.
ഇതിനിടെയാണ് ഗൾഫ് യുദ്ധത്തിൽ കുവൈത്തിന് വലിയ നഷ്ടം സംഭവിച്ചത്. അത് അറ്റ്ലസ് രാമചന്ദ്രനെയും ബാധിച്ചു. കുവൈത്ത് സ്തംഭിച്ചുനിന്ന ആ ദിവസങ്ങളിൽ രാമചന്ദ്രൻ യു.എ.ഇയിലേക്ക് വിമാനം കയറി. കുവൈത്തിൽ അവസാനിച്ചയിടത്തുനിന്ന് യു.എ.ഇയിൽ രാമചന്ദ്രൻ ആരംഭിച്ചു.
പ്രാദേശിക സ്വർണ വ്യാപാരത്തിൽ മെഗാ ഓഫറുകൾ എന്ന ആശയം അവതരിപ്പിച്ച ഇദ്ദേഹം ഉപഭോക്താക്കൾക്കിടയിൽ പെട്ടെന്ന് സ്വീകാര്യനായി. അവിടെവെച്ച് അറ്റ്ലസ് രാമചന്ദ്രന്റെയും സഥാപനങ്ങളുടെയും പുതിയ വളർച്ചയും ഉയർച്ചയും ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിൽ അമ്പതോളം ശാഖകളിലേക്ക് അറ്റ്ലസ് ഗ്രൂപ് ഓഫ് കമ്പനി വളർന്നു.
കുവൈത്തിൽ അറ്റ്ലസ് ഇന്റനാഷനൽ, അറ്റ്ലസ് പ്ലാസ എന്നീ പേരുകളിലായി സഥാപനങ്ങളും പ്രവർത്തിച്ചു. ഇവയുടെ മേൽനോട്ടത്തിനായി പലപ്പോഴായി ഇദ്ദേഹം കുവൈത്തിലെത്തി. അപ്പോഴൊക്കെയും സൂഖ് അൽ വാത്തിയയിലെ ആദ്യ സ്ഥാപനത്തിന്റെ ഓർമകൾ പങ്കുവെച്ചു.
2015ൽ കേസിൽ അകപ്പെട്ടതോടെ അറ്റ്ലസ് രാമചന്ദ്രൻ ഉയർച്ചയുടെ ഗ്രാഫിൽ നിന്ന് താഴേക്കുപതിച്ചു. ഇതോടെ സ്ഥാപനങ്ങൾക്ക് ഒന്നൊന്നായി പൂട്ടുവീണു. എല്ലാം ശരിയാകുമെന്നും ബിസിനസ് രംഗത്ത് പഴയപ്രതാപം തിരിച്ചുപിടിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലായിരുന്നു അടുത്തിടെയും അറ്റ്ലസ് രാമചന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.