ഭക്ഷ്യവിഷബാധ കേസുകൾ: നടപടി കർശനമാക്കി ആരോഗ്യവകുപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവിഷബാധ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നടപടികൾ കർശനമാക്കി ആരോഗ്യ മന്ത്രാലയം. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി സഹകരിച്ച് പരിശോധന ശക്തമാക്കും.

സമീപ മാസങ്ങളിലൊന്നും വലിയ ഭക്ഷ്യവിഷബാധ സംഭവങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്ന ചെറിയ സംഭവങ്ങളെയും അധികൃതർ ഗൗരവത്തിലെടുക്കുന്നു. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഓരോ ആരോഗ്യ മേഖലയിലെയും ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി കോഓഡിനേറ്ററെ അറിയിക്കാൻ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്ന സംഭവങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനും സംശയാസ്പദമായ ഭക്ഷണം തയാറാക്കിയ സ്ഥലങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഇതുമൂലം കഴിയും. പുറത്തുനിന്ന് രാജ്യത്തേക്കെത്തുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കര്‍ശനമായ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാകുന്നില്ലെന്ന് പാർലമെന്റ് അംഗങ്ങൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, കുവൈത്ത് മുനിസിപ്പാലിറ്റി, എന്‍വയണ്‍മെൻറ് പബ്ലിക് അതോറിറ്റി, കുവൈത്ത് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കസ്റ്റംസ് എന്നിവയുടെ പ്രതിനിധികൾ യോഗം ചേർന്നിരുന്നു. ഭക്ഷണം തയാറാക്കുന്ന കേന്ദ്രങ്ങളിൽ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും.

ഇവിടങ്ങളിലെ ജോലിക്കാർക്ക് പ്രത്യക്ഷമായ രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെ ജോലിക്കു വെച്ച ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Cases of food poisoning: Health department tightens action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.