കുവൈത്ത് സിറ്റി: പ്രവാസി പെൻഷൻ 3500 രൂപയായി വർധിപ്പിക്കുമെന്ന കേരള ബജറ്റിലെ പ്രഖ്യാപനം പ്രവാസികൾക്ക് ആശ്വാസവാർത്ത. നാട്ടിൽ തിരിച്ചെത്തിയവരുടെ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്. അതേസമയം, പ്രവാസികളുടെ ക്ഷേമനിധി അംശദായം 350 രൂപയായും നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും ഉയർത്തിയിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് 30 കോടിയും പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടിയും അനുവദിക്കുമെന്ന പ്രഖ്യാപനം ആശ്വാസമാണ്.
പ്രവാസി തൊഴിൽ പുനരധിവാസ പദ്ധതിക്ക് 100 കോടി ബജറ്റിൽ വകയിരുത്തുമെന്നും ജൂലൈയിൽ ഒാൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് െഎസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഏകോപിത പ്രവാസി തൊഴിൽ പദ്ധതിയുടെ ഭാഗമായി വിദേശത്തുനിന്ന് മടങ്ങിവരുന്നവരുടെ പട്ടിക തയാറാക്കുമെന്നും മടങ്ങിവരുന്നവർക്ക് നൈപുണ്യ പരിശീലനം നൽകി വീണ്ടും വിദേശത്ത് പോകാൻ സഹായം ലഭ്യമാക്കുമെന്നും പ്രവാസി ചിട്ടി ഉൗർജിതപ്പെടുത്തുമെന്നും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ബജറ്റിലെ പരാമർശങ്ങളെ പ്രകീർത്തിച്ച് സർക്കാർ അനുകൂല സംഘടനകൾ രംഗത്തെത്തി. ഇടത് അനുകൂലികളായ വ്യക്തികൾ സമൂഹ മാധ്യമങ്ങളിലുടെ പ്രകീർത്തിക്കുന്നുണ്ട്.
അതേസമയം, പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്ക് ആണെന്നാണ് പ്രതിപക്ഷ അനുകൂല സംഘടനകളുടെയും വ്യക്തികളുടെയും വാദം. പ്രവാസി ക്ഷേമത്തിന് നിലവിലെ സംസ്ഥാന സർക്കാർ 180 കോടി രൂപ ചെലവഴിച്ചതായും കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് ചെലവഴിച്ചതെന്നും തോമസ് െഎസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
വഞ്ചിതരാകാതിരിക്കുക –സോഷ്യൽ ഫോറം
കുവൈത്ത് സിറ്റി: സംസ്ഥാന ബജറ്റ് തുടർഭരണത്തിനുള്ള പ്രവർത്തനമായിട്ട് മാത്രമേ കാണാൻ സാധിക്കൂവെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരള സംസ്ഥാന കമ്മിറ്റി പറഞ്ഞു. ലോകം മഹാമാരിയിൽ അകപ്പെട്ടപ്പോൾ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചപ്പോൾ തടസ്സങ്ങൾ ഉന്നയിച്ചവരാണ് വീണ്ടും മോഹനവാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നത്. തിരിച്ചുവന്ന പ്രവാസികളുടെ കണക്ക് കൃത്യമായി സർക്കാറിെൻറ പക്കൽ ഇല്ല. വിദേശത്ത് കോവിഡ് സമയത്ത് മരണപ്പെട്ട പ്രവാസി കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നിടത്തുപോലും സർക്കാർ പരാജയമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇത്തരം ഗിമ്മിക്കുകൾ തള്ളിക്കളയാൻ പ്രവാസികളും പ്രവാസി കുടുംബങ്ങളും തയാറാവേണ്ടതുണ്ടെന്നും ഇന്ത്യൻ സോഷ്യൽ ഫോറം വാർത്തകുറിപ്പിൽ അറിയിച്ചു.
പ്രവാസികൾക്ക് കരുത്ത് പകർന്ന ബജറ്റ് –കല കുവൈത്ത്
കുവൈത്ത് സിറ്റി: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയും വിവിധ പ്രവാസി ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി കല കുവൈത്ത്. കേരളത്തിനും പ്രവാസി സമൂഹത്തിനും ഉണർവേകുന്ന ബജറ്റാണിത്.
പ്രവാസികൾക്ക് മികച്ച പരിഗണനയാണ് ലഭിച്ചത്. ക്ഷേമനിധി പെന്ഷന് വിദേശത്തുള്ളവര്‍ക്ക് 3500 രൂപയായും, നാട്ടില്‍ തിരിച്ചെത്തിയവരുടേത് 3000 രൂപയായും വര്‍ധിപ്പിച്ച ബജറ്റ് പ്രഖ്യാപനം ശ്രദ്ധേയമാണ്. പ്രവാസി പുനരധിവാസവും നൈപുണ്യ വികസനവും ഉൾപ്പെടെ വിഷയങ്ങളിൽ കല കുവൈത്ത് ഉൾപ്പെടെ സംഘടനകളുടെ ഏറെനാളത്തെ ആവശ്യമാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.
പ്രവാസി ക്ഷേമം കൂടാതെ വയോജനക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വനിതാക്ഷേമം തുടങ്ങി സർവതലത്തിലും വിവിധ പദ്ധതികളും, ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിൽ നൽകിയ പരിഗണന ഇടതു സർക്കാറിെൻറ പ്രവാസികളോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണെന്നും കല കുവൈത്ത് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.