കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളിൽ ഒന്നാമതെത്തി കുവൈത്തി ദീനാർ. ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്ത് ദീനാർ ഒന്നാമതെത്തിയത്.
യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറൻസിയുടെ യൂനിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതു പ്രകാരം കുവൈത്ത് ദീനാർ ലോകത്തിലെ ഏറ്റവും ശക്തമായ കറൻസിയാണ്. ഒരു യു.എസ് ഡോളർ 0.31 കുവൈത്ത് ദീനാറിന് തുല്യമാണ്. കുവൈത്തിന്റെ പ്രധാന സാമ്പത്തിക വരുമാനം ആഗോള എണ്ണ കയറ്റുമതിയാണ്.
കോവിഡിനു ശേഷം എണ്ണവില കുതിച്ചതോടെ ദീനാറിന്റെ ശക്തി വർധിക്കുകയും ചെയ്തു. അടുത്തകാലത്ത് ഡോളർ ശക്തിയാർജിച്ച് ലോകത്തിലെ മിക്ക കറൻസികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദീനാറാണ്. 1961ലാണ് കുവൈത്ത് ദീനാർ ആരംഭിച്ചത്. 1990ൽ ഇറാഖിന്റെ കുവൈത്ത് അധിനിവേശ സമയത്ത് ദീനാറിന് ഇടിവ് രേഖപ്പെടുത്തിയെങ്കിലും, വിമോചനത്തോടെ ശക്തമായി തിരിച്ചുവന്നു. ഫോർബ്സ് മാസിക റിപ്പോർട്ട് പ്രകാരം പട്ടികയില്‍ രണ്ടാം സ്ഥാനം ബഹ്റൈന്‍ ദീനാറും മുന്നാം സ്ഥാനം ഒമാൻ റിയാലുമാണ്.
മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ആഗോള കറൻസികളുടെ പട്ടികയിൽ 2022ലും യു.എസ് ഡീറ്റെയ്ൽ സീറോ വെബ്സൈറ്റ് റിപ്പോർട്ട് പ്രകാരം കുവൈത്ത് ദീനാർ ഒന്നാമതെത്തിയിരുന്നു. ബഹ്റൈൻ ദീനാർ, ഒമാൻ റിയാൽ, ജോർഡൻ ദീനാർ എന്നിവയായിരുന്നു തുടർസ്ഥാനങ്ങളിൽ. 2021 ലും കുവൈത്ത് ദീനാർ തന്നെയായിരുന്നു മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.