കുവൈത്ത് സിറ്റി: ഫലസ്തീൻ ചരിത്രത്തെ വേരോടെ പിഴുതെറിയാനും മായ്ച്ചുകളയാനും ശ്രമിക്കുന്ന ഇസ്രായേൽ അധിനിവേശത്തെ നേരിടാൻ പൈതൃക ഉൽപന്നങ്ങളുമായി പ്രദർശനം. ഫലസ്തീൻ പൈതൃകത്തിന്റെ ഏകീകരണവും പുനരുജ്ജീവനവും ലക്ഷ്യമാക്കി കുവൈത്തിലെ ഫലസ്തീൻ എംബസിയുടെ സഹകരണത്തോടെയുള്ള ഫലസ്തീൻ പൈതൃക കേന്ദ്രം പ്രദർശനത്തിന് ചൊവ്വാഴ്ചയാണ് തുടക്കമായത്.
പരമ്പരാഗത ഫലസ്തീൻ തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശനത്തിലെ പ്രധാന ആകർഷകങ്ങളാണ്. ഫലസ്തീൻ വനിതകളുടെ കൈകൊണ്ട് നിർമിച്ച ഇവ മനോഹരമാണ്. സമ്പൂർണ ഫലസ്തീൻ മാപ്പിന്റെ ചിത്രം, കുട്ടികൾ നിർമിച്ച മനോഹരമായ നിർമാണങ്ങൾ, കലാരൂപങ്ങളുടെയും മറ്റും ചിത്രത്തുന്നലുകൾ എന്നിവയും പ്രദർശനത്തിലുണ്ട്. സന്ദർശകർക്ക് ഇവ കാണാനും വാങ്ങിക്കാനും കഴിയും.
ഫലസ്തീൻ സ്വത്വം, സംസ്കാരം, കല, ഫാഷൻ എന്നിവ മായാതെ നിലനിർത്തലും ഇസ്രായേലിന്റെ അധിനിവേശവും നിരന്തര ആക്രമണവും മൂലം ദുരിതം നേരിടുന്ന ഫലസ്തീൻ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പണം കണ്ടെത്തുക എന്നതും പ്രദർശനത്തിന്റെ ലക്ഷ്യമാണ്.
വിമൻസ് കൾച്ചറൽ ആൻഡ് സോഷ്യൽ അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന പ്രദർശനം വെള്ളിയാഴ്ച വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.