കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച 12 കമ്പനികൾക്ക് മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നോട്ടീസ് നൽകി. മുബാറക് അൽ കബീർ ഗവർണറേറ്റിലെ അൽ മസായിൽ പ്രദേശത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
തൊഴിലാളികളുടെ സുരക്ഷക്കായി ജൂൺ ഒന്നുമുതൽ രാജ്യത്ത് നടപ്പാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ചതിനാണ് മുന്നറിയിപ്പ് നൽകിയത്. മാൻപവർ അതോറിറ്റിയുടെ നിരീക്ഷണസംഘം നടത്തിയ പരിശോധനയിലാണ് മസായിൽ പ്രദേശത്തെ കൺസ്ട്രക്ഷൻ സൈറ്റുകളിൽ നിയമലംഘനം കണ്ടെത്തിയത്. പകൽ 11നും നാലിനും ഇടയിൽ പ്രോജക്ട് സൈറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 50 തൊഴിലാളികൾ വിലക്ക് ലംഘിച്ച് ഉച്ചസമയത്ത് ജോലി ചെയ്യുന്നത് കണ്ടെത്തി.
ഇവരെ ജോലിക്ക് നിയോഗിച്ച കമ്പനികൾക്കാണ് മുന്നറിയിപ്പ് നോട്ടീസ് നൽകിയത്. നിയമലംഘനം ആവർത്തിച്ചാൽ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പരിശോധക സംഘത്തിന് നേതൃത്വം നൽകിയ എൻജിനീയർ ഹുസൈൻ അൽ ബനായി പറഞ്ഞു. ഒരു തൊഴിലാളിക്ക് 100 ദീനാർ എന്ന തോതിൽ പിഴ ഈടാക്കുകയും കമ്പനിയുടെ ഫയൽ മരവിപ്പിക്കുകയും ചെയ്യും.
ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കുകയും ഫയൽ റദ്ദാക്കുകയുമാണ് ചെയ്യുക. തൊഴിലാളികൾക്കെതിരെയും നടപടിയുണ്ടാകും.
അതേസമയം, തൊഴിലാളികളെകൊണ്ട് നിർബന്ധിച്ചാണ് തൊഴിൽ എടുപ്പിക്കുന്നതെങ്കിൽ കമ്പനികൾക്കെതിരെ മറ്റൊരു കേസ് കൂടി ഫയൽ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.