കുവൈത്ത് സിറ്റി: 10 ദിവസത്തെ ഇടവേളക്ക് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രവിമാനങ്ങൾ സർവിസ് ആരംഭിച്ചു.ശനിയാഴ്ച പുലർച്ച നാലിന് തുർക്കിയിൽനിന്നാണ് ആദ്യ വിമാനം എത്തിയത്. തുടർന്ന് ആദ്യ ദിവസത്തിൽ 30 വിമാനങ്ങൾ കൂടി കുവൈത്തിലെത്തി. 37 വിമാനങ്ങളാണ് രാജ്യത്തിന് പുറത്തേക്ക് പോയത്. ഡിസംബർ 21 തിങ്കളാഴ്ച രാത്രി 11 മുതലാണ് കുവൈത്ത് വിമാനത്താവളത്തിൽ യാത്രവിമാന സർവിസ് നിർത്തിവെച്ചത്. വിവിധ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടപടി. അടിയന്തര മന്ത്രിസഭ യോഗം ജനുവരി ഒന്ന് വെള്ളിയാഴ്ച അവസാനം വരെ കര, കടൽ, വ്യോമ അതിർത്തികൾ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.
ഒരു ദിവസം പോലും സാവകാശം ലഭിക്കാതെയുള്ള പ്രഖ്യാപനം നിരവധി പേരെ പ്രയാസത്തിലാക്കിയിരുന്നു. വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരനെ മാത്രമേ കയറ്റുന്നുള്ളൂ. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളിൽ മാത്രമാണ് ഇതിന് ഇളവ് അനുവദിക്കുക. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാർക്കായി വ്യോമയാന വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്.കുവൈത്തിൽനിന്ന് പോകുന്നവർ http://kuwaitmosafer.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സ്വദേശികൾ ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. പി.സി.ആർ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.
കുവൈത്തിലേക്ക് വരുന്നവർ ശ്ലോനിക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. യാത്രക്ക് പരമാവധി 96 മണിക്കൂർ മുമ്പായുള്ള പി.സി.ആർ സർട്ടിഫിക്കറ്റും കരുതേണ്ടതുണ്ട്. കുവൈത്തിലെത്തിയ ശേഷം 14 ദിവസത്തെ ക്വാറൻറീൻ അനുഷ്ഠിക്കണം. ഇന്ത്യ ഉൾപ്പെടെ 35 രാജ്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ അനുവദിക്കുന്നില്ല.വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെങ്കിൽ വരാൻ തടസ്സമില്ല.
ഇന്ത്യ, അർമീനിയ, ബംഗ്ലാദേശ്, ബോസ്നിയ- ഹെർസഗോവിന, ബ്രസീൽ, ചിലി, ചൈന, കൊളംബിയ, ഡൊമിനിക് റിപ്പബ്ലിക്, ഇൗജിപ്ത്, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ഇറ്റലി, ഹോേങ്കാങ്, ഹംഗറി, ലബനാൻ, മെക്സികോ, മൽഡോവ, മോണ്ടിനെഗ്രോ, നേപ്പാൾ, വടക്കൻ മാസിഡോണിയ, പാകിസ്താൻ, പനാമ, പെറു, ഫിലിപ്പീൻസ്, സെർബിയ, സ്പെയിൻ, ശ്രീലങ്ക, സിറിയ, യമൻ, ബ്രിട്ടൻ, അർജൻറീന, ഫ്രാൻസ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.