കുവൈത്ത് സിറ്റി: കുവൈത്തിെൻറ ബജറ്റ് താളം തെറ്റിക്കാൻ എണ്ണവില കൂപ്പുകുത്തിയതിനൊപ്പം ശമ്പളച്ചെലവ് കുതിച്ചുയർന്നതും കാരണമായി. കഴിഞ്ഞ പത്തുവർഷം കൊണ്ട് 400 കോടി ദീനാറാണ് സർക്കാർ ശമ്പളത്തിൽ വർധനയുണ്ടായത്. 2018, 2019 സാമ്പത്തിക വർഷത്തിൽ 3200 കോടി ദീനാറായിരുന്നു ശമ്പള ചെലവ്. ഇത് 720 കോടി ദീനാറായാണ് വർധിച്ചത്.
എണ്ണവില കൂപ്പുകുത്തിയതോടെ രാജ്യത്തിെൻറ വരുമാനം ശമ്പളം കൊടുക്കാൻ മാത്രമേ തികയൂ എന്ന സ്ഥിതിയായി. സബ്സിഡിക്കും മറ്റു ചെലവുകൾക്കും കടമെടുക്കണം. കോവിഡ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചപ്പോൾ കുവൈത്ത് സർക്കാർ ബജറ്റ് തിരുത്തിയെഴുതാൻ നിർബന്ധിതരായിരുന്നു. 14.8 ശതകോടി ദീനാർ വരുമാനവും 22.5 ശതകോടി ദീനാർ ചെലവും 9.2 ശതകോടി ദീനാർ കമ്മിയും പ്രതീക്ഷിച്ചിരുന്ന ബജറ്റാണ് നേരത്തെ പാസാക്കിയിരുന്നത്. മുഖ്യവരുമാനമായ പെട്രോളിയം ബാരലിന് 55 ഡോളർ വില കണക്കാക്കിയാണ് അന്നത്തെ ധനമന്ത്രി മറിയം അഖീൽ ബജറ്റ് തയാറാക്കിയത്. എന്നാൽ, എണ്ണവില കോവിഡ് പ്രതിസന്ധിയിൽ കൂപ്പുകുത്തി.
നേരത്തെ കണക്കുകൂട്ടിയതിനേക്കാൾ 52 ശതമാനം അധികമാണ് പുതുക്കിയ ബജറ്റിലെ കമ്മി. 1600 കോടി ദീനാറിൽ അധികം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും സബ്സിഡിക്കും കൂടി വേണം. ലിക്വിഡിറ്റി ക്ഷാമവും നേരിടുന്നുവെന്നത് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. സമീപ ആഴ്ചകളിൽ എണ്ണവില വർധിച്ചുവരുന്നത് കുവൈത്തിനെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. പൊതുചെലവുകൾ വെട്ടിക്കുറച്ച് ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.