കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ പെർമിറ്റ് റദ്ദാക്കാനും സ്പോൺസർഷിപ് മാറ്റാനും തൊഴിലാളികള്‍ നേരിട്ട് ഹാജരാകണം. തൊഴിൽ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നിൽ വെച്ച് തൊഴിലാളി ഒപ്പിട്ടു നൽകുന്ന അപേക്ഷകൾ മാത്രമെ ഇനി മുതൽ പരിഗണിക്കൂ എന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയോ മറ്റൊരു തൊഴിലിടത്തിലേക്ക് മാറുകയോ ചെയ്യുന്ന തൊഴിലാളികൾക്ക് സേവനാനന്തര ആനുകൂല്യം ഉൾപ്പെടെയുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് പുതിയ നിബന്ധന. തൊഴിൽ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുമ്പാകെയാണ് തൊഴിലാളി നേരിട്ട് ഹാജരാകേണ്ടത്.
ഇത്തരത്തില്‍ ഹാജരാകുന്നവരുടെ അപേക്ഷകള്‍ മാത്രമെ ഇനി മുതൽ സ്വീകരിക്കുകയുള്ളൂവെന്ന് അതോറിറ്റിയുടെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡിപ്പാർട്മെൻറ് ഡയറക്ടറും ഔദ്യോഗിക വക്താവുമായ അസീല്‍ അല്‍ മസീദ് അറിയിച്ചു. തൊഴില്‍സ്ഥാപനത്തില്‍നിന്ന് ലഭിക്കാനുള്ള സാമ്പത്തിക കുടിശ്ശികയുടെ ക്ലിയറന്‍സ് രേഖ, ജോലി അവസാനിപ്പിച്ച് മടങ്ങുന്നതിനുള്ള സന്നദ്ധത മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴില്‍ പെര്‍മിറ്റ് മാറ്റുന്നതിനു ആവശ്യമായ അപേക്ഷ എന്നിവ തൊഴിലാളി തന്നെ ഉദ്യോഗസ്ഥന് മുന്നിൽ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. ക്ലിയറന്‍സ് രേഖകള്‍ പരിശോധിച്ച് വ്യവസ്ഥകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമെ തുടർ നടപടികളിലേക്ക് കടക്കൂ എന്നും മാൻപവർ അതോറിറ്റി വക്താവ് അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.