കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ലോക രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം ഒന്നു മുതൽ വൈകീട്ട് ആറുവരെ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ നൂറോളം ആളുകൾ രക്തം ദാനം ചെയ്തു. യൂത്ത് ഇന്ത്യ സോഷ്യൽ റിലീഫ് കൺവീനർ സലിം, സൽമാൻ, മുർഷിദ്, സിജിൽ ഖാൻ, ഫഹീം, ഉസാമ, റമീസ്, അലി അക്ബർ തുടങ്ങിയവർ നേതൃത്വം നൽകി.
രാജ്യത്തെ രക്തബാങ്കിൽ രക്തത്തിന്റെ കുറവ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. നെഗറ്റിവ് ഗ്രൂപ്പുകൾ ഉൾപ്പെടെ അപൂർവ രക്തങ്ങൾക്കാണ് ഏറെ ക്ഷാമം. നെഗറ്റിവ് ഗ്രൂപ്പുള്ളവർ രക്തം നൽകാൻ എത്തുകയാണെങ്കിൽ രാജ്യത്തെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് വലിയ ആശ്വാസമാവും. രക്തബാങ്ക് സന്നദ്ധ സംഘടനകളുമായി ചേർന്ന് ഇതിനായി ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്.
ശേഖരിച്ച രക്തത്തിന്റെ ശുദ്ധിയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയം നൂതന സംവിധാനം ഒരുക്കിയിട്ടുണ്ട്. മലയാളി സംഘടനകൾ ഉൾപ്പെടെ ജാബിരിയയിലെയും അദാനിലെയും രക്തബാങ്കിൽ രക്തദാന ക്യാമ്പ് നടത്തുന്നത് ആശ്വാസമാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.