മസ്കത്ത്: ഇന്ത്യയുമായുണ്ടായിരുന്ന നൂറ്റാണ്ടുകൾ നീളുന്ന വ്യാപാരബന്ധത്തിന്റെ തിരുശേഷിപ്പുകൾ കണ്ടെത്തി ദിബ്ബയിലെ പുരാവസ്തുപര്യവേക്ഷണം.ഇന്ത്യയും പേർഷ്യയും മെസപ്പൊട്ടോമിയ സാമ്രാജ്യവുമായുമൊക്കെ ആയിരം വർഷത്തോളം നീളുന്ന വ്യാപാരബന്ധം മുസന്ദം ഗവർണറേറ്റിലെ ദിബ്ബക്ക് ഉണ്ടായിരുന്നെന്ന് തെളിയിക്കുന്ന കണ്ടെത്തലുകളാണ് ഉണ്ടായത്. റോമിലെ സാപിയെൻസ യൂനിവേഴ്സിറ്റിയിൽനിന്നുള്ള ഗവേഷകരുമായി സഹകരിച്ചാണ് പൈതൃക-ടൂറിസം മന്ത്രാലയം ദിബ്ബയിലെ പര്യവേക്ഷണം നടത്തിയത്.
ഒന്നാം സഹസ്രാബ്ദത്തിൽ ദിബ്ബയിൽ മികച്ചൊരു നാഗരികത നിലനിന്നിരുന്നെന്ന് തെളിയിക്കുന്ന പുരാവസ്തുക്കളാണ് ഇവിടെനിന്ന് കണ്ടെത്തിയത്. കുന്തിരിക്കവും മറ്റും പുകക്കുന്ന പാത്രങ്ങളും വെങ്കലത്തിൽ തീർത്ത മഴുവും ചെമ്പുപാത്രങ്ങളും ആഭരണങ്ങളുമെല്ലാം ഇവിടെനിന്ന് ലഭിച്ചു. പ്രാദേശികമായി നിർമിച്ചവയും ഇന്ത്യ, പേർഷ്യ, മെസപ്പൊട്ടോമിയ എന്നിവിടങ്ങളിൽനിന്നൊക്കെ ഇറക്കുമതി ചെയ്തതുമായ സാധനങ്ങളാണ് ഇവയെന്ന് പൈതൃക-ടൂറിസം മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
24 മീറ്റർ നീളവും മൂന്നു മീറ്റർ ആഴവുമുള്ള കുഴിയിൽ നടത്തുന്ന പര്യവേക്ഷണം അവസാനഘട്ടത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയടക്കം സമീപത്തെ നാഗരികതകളെല്ലാമായി മികച്ചബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യാപാരകേന്ദ്രം ഇവിടെ നിലനിന്നിരുന്നതിന്റെ തെളിവുകൾ ഇനിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.ഇവിടെനിന്ന് ലഭിച്ച പുരാവസ്തുക്കൾ സന്ദർശകർക്കായി പ്രദർശിപ്പിക്കുന്നതിനുള്ള കേന്ദ്രം ഒ.ക്യു കമ്പനിയുടെ സഹകരണത്തോടെ സ്ഥാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഒമാനിൽ ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.