മസ്കത്ത്: രാജ്യത്ത് മരണശേഷം അവയവ ദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം കൂടിവരുന്നു. ഇതുവരെ 12,000 പേരാണ് ഇതിനായി രജിസ്റ്റർ ചെയ്തതെന്ന് നാഷനൽ പ്രോഗ്രാം ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ മേധാവി ഡോ. ഖാസിം ബിൻ മുഹമ്മദ് അൽ ജഹ്ദാമി പറഞ്ഞു. കഴിഞ്ഞ വർഷം 19 വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയും 11 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി രാജ്യം പൂർത്തിയാക്കിയിരുന്നു.
അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനുള്ള കരട് നിയമം അവസാനഘട്ടത്തിലാണ്. ഈ നിയമം നടപ്പാവുന്നതോടെ അവയവദാനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും വ്യവസ്ഥകളുമുണ്ടാകും. വെയിറ്റിങ് ലിസ്റ്റിലുള്ള രോഗികൾക്ക് അർഹതപ്പെട്ട രീതിയിൽ അവയവങ്ങൾ നൽകും. അവയവ കള്ളക്കടത്തും തട്ടിപ്പിനെക്കുറിച്ചുമുള്ള നിർദേശങ്ങളും അൽ ജഹ്ദാമി ചൂണ്ടിക്കാട്ടി.
ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശീർവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് അവയവദാന കാമ്പയിൻ ആരംഭിച്ചതെന്നും അതിനായി നാഷനൽ പ്രോഗ്രാം ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡിപ്പാർട്ട്മെന്റ് മേൽനോട്ടം വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മഷ്തിഷ്ക മരണ ശേഷം ബന്ധുക്കുളുടെ സമ്മത പ്രകാരമാണ് അവയവദാനം നടത്തുന്നത്. ഇപ്രകാരം കഴിഞ്ഞ വർഷം രണ്ടും ഈ വർഷം ഇതുവരെ മൂന്നും സമ്മതം ഡിപ്പാർട്ട്മെന്റിന് ലഭിച്ചതായും അൽ ജഹ്ദാമി പറഞ്ഞു. അവയവങ്ങൾ ദാനംചെയ്യാൻ 'ഷിഫ' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അവയവദാനത്തെ മാനുഷിക പ്രവർത്തനമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി വിശേഷിപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രോഗികളുടെ പുതിയ പ്രതീക്ഷയാണ് അവയവം മാറ്റിവെക്കൽ. 18 വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾ ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവരാണെങ്കിൽ ദാതാക്കളാകാൻ കഴിയും. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ വൃക്ക, കരൾ തകരാർ കൊണ്ടും മറ്റും പ്രയാസം അനുഭവിക്കുന്നുണ്ട്.
ഇവരിൽ പലർക്കും അവയവം മാറ്റിവെക്കലിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കും. ഈ സാഹചര്യത്തിലാണ് അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കമ്യൂണിറ്റി അംഗങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ കാമ്പയിൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.