മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 4124 ആയി. 1619 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 3,16,472 ആളുകൾക്കാണ് മഹാമാരി പിടിപെട്ടത്. കഴിഞ്ഞ ദിവസം 350 ആളുകൾക്ക് രോഗം ഭേദമാകുകയും ചെയ്തു. 95.8 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 3,03,112 ആളുകൾക്കാണ് അസുഖം ഭേദമായത്. പുതുതായി 42 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 121 ആയി. ഇതിൽ 15 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. നിലവിൽ 9236 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിരായി കഴിയുന്നത്. ദിനംപ്രതി കോവിഡ് കേസുകൾ കുതിക്കുന്നത് കാര്യങ്ങളെ സങ്കീർണമാക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്നു ദിവസവും പ്രതിദിനകേസുകൾ ആയിരത്തിന് മുകളിലാണ്. ഈ ദിവസങ്ങളിൽ മാത്രം 4000ത്തിനു മുകളിലാണ് രോഗബാധിതരായിട്ടുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലുള്ള നേരിയ വർധന ആശങ്കയുണ്ടാക്കുന്നതാണ്. കൂടുതൽ രോഗികൾ എത്തുന്നത് മുന്നിൽ കണ്ട് മുൻ കരുതൽ നടപടികൾ ആരോഗ്യമേഖലയിലുള്ളവർ സ്വീകരിക്കുന്നുണ്ട്.
അതേസമയം, കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ 7.5 ശതമാനമാണ് മരണ നിരക്ക്. എന്നാൽ, രണ്ട് ഡോസ് എടുത്തവരിൽ 2.5 ശതമാനം ആളുൾ മാത്രമാണ് മരിച്ചിട്ടുള്ളത്. വാക്സിൻ സ്വീകരിക്കാത്തവരിലെ രോഗനിരക്കും ഉയർന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബൂസ്റ്റർ ഡോസുകൾ വ്യാപകമാക്കുന്നതിലൂടെ മരണനിരക്ക് കുറക്കാൻ കഴിയുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ കരുതുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്. മൂന്നാം ഡോസായി ഫൈസർ വാക്സിനാണ് നൽകുന്നത്. എന്നാൽ, ആദ്യ രണ്ട് ഡോസ് ആസ്ട്രസെനക എടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഇതുതന്നെ സ്വീകരിക്കാമെന്ന് ദിവസങ്ങൾക്കുമുമ്പ് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഒമിക്രോണടക്കമുള്ള പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസ് അന്യവാര്യമാണെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.