ഇന്ധന വില പുതുക്കി നിശ്ചയിച്ചു; വിലയില്‍ കുറവ്

മസ്കത്ത്: ഒമാനില്‍ മാര്‍ച്ചിലെ എണ്ണവില നിശ്ചയിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലനിലവാരമനുസരിച്ചാണ് വില പുതുക്കിയത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ നിലവില്‍ വരും. പുതിയ നിരക്കില്‍ നേരിയ കുറവുണ്ട്. സൂപ്പര്‍ പെട്രോളിന് ലിറ്ററിന് എട്ട് ബൈസയും റെഗുലര്‍ പെട്രോളിന് ഏഴു ബൈസയുമാണ് കുറഞ്ഞത്. ഡീസല്‍ വിലയില്‍ മാറ്റമൊന്നുമില്ളെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സലീം നാസര്‍ അല്‍ ഒൗഫി അറിയിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 145 ബൈസയാകും ഈടാക്കുക. നിലവില്‍ ലിറ്ററിന് 153 ബൈസയാണ് വില. റെഗുലര്‍ പെട്രോളിന് 130 ബൈസയും ഈടാക്കും. നിലവില്‍ 137 ബൈസയാണ്. ഡീസല്‍ വില 146 ബൈസയായി തുടരും. വിലയില്‍ നേരിയ കുറവുണ്ടായത് വാഹന ഉടമകള്‍ക്ക് ആശ്വാസം പകരും.17 വര്‍ഷത്തിനുശേഷം ഡിസംബര്‍ 15 മുതലാണ് രാജ്യത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചത്. എണ്ണ വിലയിടിവിനെ തുടര്‍ന്ന് രാജ്യം വന്‍ സാമ്പത്തിക കമ്മി നേരിടുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്സിഡി അധികൃതര്‍ എടുത്തുകളഞ്ഞതോടെ 120 ബൈസയുണ്ടായിരുന്ന സൂപ്പര്‍ പെട്രോള്‍ വില 160 ആയി ഉയര്‍ന്നിരുന്നു. 114  ബൈസയുണ്ടായിരുന്ന റെഗുലര്‍ പെട്രോള്‍ വില 140 ബൈസയായും 146 ബൈസ ഉണ്ടായിരുന്ന ഡീസല്‍ 160 ബൈസയായും ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ വില പുനര്‍നിര്‍ണയിച്ചതോടെ സൂപ്പര്‍ പെട്രോള്‍ വില 153 ബൈസയായും റെഗുലര്‍ പെട്രോള്‍ വില 137 ബൈസയായും കുറഞ്ഞു. ഡീസല്‍ വില 146 ബൈസയും ഫെബ്രുവരിയില്‍ കുറഞ്ഞിരുന്നു. ഡീസല്‍ വില പഴയ വിലയില്‍ തന്നെ തുടരുന്നത് വ്യാപാരമേഖലക്ക് അനുഗ്രഹമാകും. ഭക്ഷ്യ ഉല്‍പന്നങ്ങളടക്കമുള്ളവയുടെ ഗതാഗതം ട്രെയ്ലറുകള്‍ വഴിയാണ്. ഇവയില്‍ ഡീസലാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അതിനാല്‍, ഭക്ഷ്യ ഉല്‍പന്നങ്ങളടക്കമുള്ള എല്ലാത്തിന്‍െറയും വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ ഡീസല്‍വില വര്‍ധിക്കാത്തത് സഹായകമാകും. എണ്ണ വിലവര്‍ധന നിലവില്‍വന്ന ഉടന്‍തന്നെ ഒമാനിലെ ടാക്സി ഡ്രൈവര്‍മാര്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. മിനിമം നിരക്ക് 100ല്‍ നിന്ന് 200 ബൈസയായി ഉയര്‍ത്തുകയും ബാക്കി എല്ലാ പോയന്‍റുകളിലേക്കും 100 ബൈസ വീതം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
ടാക്സി ഉടമകള്‍ തോന്നിയ നിരക്കുകള്‍ ഈടാക്കാതിരിക്കാന്‍ യാത്രക്കാര്‍ അധികവും വാഹനത്തില്‍ കയറുന്നതിനുമുമ്പ് നിരക്കും നിശ്ചയിച്ചാണ് യാത്ര ആരംഭിക്കുന്നത്. ടാക്സി നിരക്കിലെ വര്‍ധന താഴ്ന്ന വരുമാനക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. നിത്യവും യാത്രചെയ്യുന്നവര്‍ക്ക് ഇത് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കും. ടാക്സികള്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ പലരും ബസുകളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. ഇതോടെ ബസുകളില്‍ തിരക്ക് വര്‍ധിച്ചുതുടങ്ങിയിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.